കോട്ടയം: വ്യത്യസ്തനാം ബാര്‍ബറാം ബാലന്റെ കഥ പറഞ്ഞ മേലുകാവ് ഗ്രാമത്തില്‍ പ്രകൃതിയുടെ വിസ്മയമായി വ്യത്യസ്തമായ ഒരു കിണറും. നിറയാത്ത കിണറിലേക്ക് വെള്ളച്ചാട്ടം പോലെ ഒഴുകുന്ന തെളിനീര്. കോട്ടയം ജില്ലയുടെ മലയോരമായ മേലുകാവ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ എള്ളുംപുറത്ത് ഒറ്റപ്ലാക്കല്‍ സ്റ്റാന്‍ലിയുടെ വീട്ടുമുറ്റത്തെ കിണറാണ് കൗതുകമുണര്‍ത്തുന്ന പ്രകൃതിയുടെ പ്രതിഭാസത്തിനു സാക്ഷിയാകുന്നത്.
വര്‍ഷം മുഴുവന്‍ കിണറിന്റെ ഭിത്തിയിലെ ഒരു മാളത്തില്‍നിന്നും തെളിഞ്ഞ വെള്ളം ചെറിയ വെള്ളച്ചാട്ടം പോലെ കിണറിലേക്ക് വീഴുകയാണ്. ഇത്രയും വെള്ളം ഒഴുകിയെത്തിയിട്ടും കിണര്‍ നിറഞ്ഞു കവിയുന്നില്ല എന്നതാണ് അത്ഭുതം. മഴക്കാലത്താണ് ശക്തമായ രീതിയില്‍ വെള്ളം ഒഴുകിച്ചാടുന്നത്. വേനല്‍ക്കാലത്ത് ചെറിയ അളവിലേയുള്ളൂ. കിണറിന്റെ അടുത്തെത്തുമ്പോഴേക്കും വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം.
വീടിനോടു ചേര്‍ന്നുതന്നെയാണ് കിണര്‍. വീട്ടിനുള്ളിലിരുന്നാലും വെള്ളച്ചാട്ടത്തിനടുത്ത് ഇരിക്കുന്നതുപോലെയാണ്. 25 വര്‍ഷം മുമ്പാണ് കിണര്‍ കുത്തിയത്. സ്ഥാനം കണ്ടു കുത്തിയതാണ്. 18 അടി താഴ്ചയുണ്ട്. കിണറിലെ വെള്ളം ഭൂഗര്‍ഭത്തിലെ മറ്റൊരു വഴിയിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുന്നുണ്ടാവുമെന്നാണ് പ്രദേശവാസികളുടെ നിരീക്ഷണം. ഭൂഗര്‍ഭത്തില്‍ രൂപപ്പെടുന്ന സ്വാഭാവിക ജലപാതകളോ മണ്ണിനടിയിലെ ശൂന്യതകളോ ഇതിന് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഭൂവിജ്ഞാനത്തില്‍ സോയില്‍ പൈപ്പിംഗ് എന്നറിയപ്പെടുന്ന പ്രതിഭാസവുമായി കിണറിനു സാമ്യമുണ്ടാകാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. മണ്ണിനടിയിലൂടെ വെള്ളം ഒഴുകി ചെറു തുരങ്കങ്ങള്‍ രൂപപ്പെടുന്നതാണ് സോയില്‍ പൈപ്പിംഗ്.
മേലുകാവിനു സമീപം കോലാനി പ്രദേശത്തും സമാന പ്രതിഭാസമുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചാല്‍ പ്രദേശത്തിന്റെ ഭൂഗര്‍ഭ ജല സഞ്ചാരത്തെക്കുറിച്ചും ഭൗമ ഘടനയെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപൂര്‍വ കിണർ കാണാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ ഇപ്പോള്‍ ധാരാളംപേര്‍ എത്തുന്നുണ്ട്.