കൊച്ചി: മെസിതട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനിൽ നിന്ന് പിടിച്ചെടുത്ത ഡോളർ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. എറണാകുളം സെഷൻസ് കോടതിയിലാണ് ആന്റോ ഹർജി നൽകിയത്. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും എസ്ഐടി അറിയിച്ചു.
റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടത്തിയ റെയ്ഡിനിടെയാണ് അന്വേഷണസംഘം ഏകദേശം 6,300 യുഎസ് ഡോളർ കണ്ടെത്തിയത്. ഡോളറിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന തുടരുകയാണെന്നാണ് എസ്ഐടിയുടെ വിശദീകരണം. ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും അന്വേഷണസംഘം കൈമാറിയിരുന്നു.
ഇതുസംബന്ധിച്ച പരിശോധനകളും തുടരുന്നതിനാൽ നിലവിൽ ഡോളർ വിട്ടുനൽകാനാകില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. ഡോളർ എവിടെനിന്ന് ലഭിച്ചുവെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. ഇതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
അതേസമയം മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ആന്റോ ഒന്നാം പ്രതിയാണ്.