Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Millennial

അന്നു മാറ്റുവാൻ വേറെ ചാനൽ ഇല്ലായിരുന്നു!

ഒരു മില്ലേനിയൽ ആയ ഞാൻ, നിലവിൽ ഓൾഡ് ജെനറേഷനോ അതോ ന്യൂ ജെനറേഷന്‍റെ തന്നെ ഭാഗമോ? ബേബി ബൂമേഴ്സിന്‍റെ മകളും ഒരു ജെൻ ബീറ്റയുടെ അമ്മയുമാണ് ഞാൻ. പഴയതും പുതിയതുമല്ലാത്ത ഒരു തലമുറയുടെ ഭാഗമായ ഞാനും സമകാലീനരും, സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം ലോകത്തെ മാറ്റി മറിക്കുന്നത് ഞങ്ങളുടെ ജനനം മുതലിങ്ങോട്ട് അക്ഷരാർഥത്തിൽ അനുഭവിച്ചവരാണ്.

ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയുടെയും വിരലിട്ടു കറക്കി ഡയൽ ചെയ്യുന്ന ലാൻഡ് ഫോണിന്‍റെയും ബാല്യകാലത്തുനിന്ന്, കളർ ടിവിയും കൊമ്പുള്ള കോർഡ്ലെസ്‌സ് വാക്കിടോക്കി ഫോണും ഉപയോഗിച്ച്, കേബിൾ ചാനലുകളിലേക്കും മൊബൈൽ ഫോണിലേക്കും പടർന്നു പന്തലിച്ച്, ഒടുവിൽ സ്മാർട്ട് ഫോണിൽ സിനിമ കാണുകയും സ്മാർട്ട് വാച്ചിൽ കോൾ എടുക്കുകയും ചെയ്യുന്നവർ.

കൗമാരത്തിൽ സൈബർ കഫേകളിൽനിന്ന് ഇന്‍റർനെറ്റ് എക്സ്പ്ലോറർ വഴി ആദ്യമായി ഓർകുട്ടും യാഹൂ മെയിലും ഉപയോഗിച്ചു തുടങ്ങി, പിന്നെ വീട്ടിൽ വാങ്ങിയ തടിയൻ കമ്പ്യൂട്ടറിൽ ഫേസ്ബുക്കിന്‍റെയും അതിനു ശേഷം സ്മാർട്ട് ഫോണിന്‍റെ വരവോടെ വാട്സാപ്പിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും ആക്റ്റീവ് യൂസേഴ്സ് ആയവർ. അതായത്, സോഷ്യൽ മീഡിയ തുടക്കം മുതൽ ഉപയോഗിക്കുന്നവർ! ഫ്ലോപ്പി ഡിസ്കും സിഡിയും പെൻഡ്രൈവും ബ്ലൂ ടൂത്തും കടന്നു ഫയലുകൾ എയർഡ്രോപ് ചെയ്യുന്നവർ.

ഇങ്ങനെ എന്തുമാത്രം ഡിജിറ്റൽ ഭൂതകാലക്കുളിരാണ് ഞങ്ങൾ നയന്‍റീസ് കിഡ്സിനുള്ളതെന്നോ. ചുവടെ ചേർക്കുന്ന എന്‍റെ പ്രിയപ്പെട്ട ചില ഓർമകൾ നിങ്ങളിൽ പലരുടേതുമായിരിക്കാം.

പരസ്യങ്ങളും ടി.വി. ഷോകളും  

കുഞ്ഞോർമ്മകളുടെ ആ ദൂരദർശൻ കാലത്തു ചിത്രഗീതവും ഞായറാഴ്ച സിനിമയും മാത്രമല്ല വാർത്തയും പരസ്യങ്ങളും വരെ വിനോദോപാധികളായിരുന്നു (മാറ്റുവാൻ വേറെ ചാനലില്ലല്ലോ!). ഒനിഡാ ടിവിയുടെയും ഓൾ ഔട്ടിന്‍റെയും അക്കാലത്തെ സിന്തോൾ, ഡെറ്റോൾ, സന്തൂർ സോപ്പുകളുടെയും പരസ്യങ്ങൾ ഓർക്കുന്നവരുണ്ടോ? “വാഷിംഗ് പൌഡർ നിർമാ”, “ക്യാ സ്വാദ് ഹേ”, “മധുരസ്വപ്നങ്ങളേകും ജയലക്ഷ്മി” തുടങ്ങിയ വരികൾ ഇന്നുമുണ്ട് മനസിൽ.

സ്കൂളിൽ ചേർന്നതിനു ശേഷം ബാലപ്രസിദ്ധീകരണങ്ങൾക്കൊപ്പം ജംഗിൾ ബുക്ക്, ഡെൻവർ ദി ലാസ്റ്റ് ഡൈനോസർ കാർട്ടൂണുകളും ശ്രീ കൃഷ്ണ, ഓം നമഃശിവായ, ജയ് ഹനുമാൻ, മഹാ റാണാ പ്രതാപ് സീരിയൽ ഷോകളും മുതൽ പ്രീറ്റീൻ കാലത്തെ ഡയൽ എ സോംഗ്, മെയിൽ എ സീൻ, സിംഗ് ആൻഡ് വിൻ, കൈരളി ഓൺ ഡിമാൻഡ് പ്രോഗ്രാമുകൾ വരെ നീളുന്നു, പ്രിയപ്പെട്ട പരിപാടികളുടെ എഴുതി തീർക്കാനാകാത്ത ഒരു നൊസ്റ്റാൾജിയാ ലിസ്റ്റ്.

ആൽബം സോംഗ്സ്  

ഹൈസ്കൂൾ കാലത്ത് എന്‍റെ വൈകുന്നേരങ്ങൾ ഇങ്ങനെയായിരുന്നു: സ്കൂൾ വിട്ടു വന്നയുടനെ തന്നെ, മെഗാ സീരിയൽ അഡിക്ട് അമ്മൂമ്മയോടും വാർത്തയോ സ്പോർട്സോ വയ്ക്കാൻ വരുന്ന അച്ഛനോടും മല്ലിട്ട്, ചലച്ചിത്ര ഗാനങ്ങളും ആൽബം സോംഗുകളും നിരന്തരം സംപ്രേഷണം ചെയ്യുന്ന കിരൺ ടിവിയോ വി ചാനലോ കെ ടിവിയോ വച്ച് ചായയും പലഹാരവും കഴിച്ചു കൊണ്ടൊരു ചില്ലിംഗ്!

’ഓർമക്കായ്’ മുതൽ ’സുന്ദരിയേ വാ’ വരെ ആൽബം ഓർമകൾ… മനോഹരമായ മെലഡികൾ ഉണ്ടെങ്കിലും അടിച്ചുപൊളി പാട്ടുകൾ തരംഗമായ ഒരു കാലമായിരുന്നു അത്. “ഒരു ചിക് ചിക് ചിറകിൽ..”, “ധാങ്കിണക്ക ധില്ലം ധില്ലം..”, “ലജ്ജാവതിയേ..”, “വേൽ മുരുകാ..” തുടങ്ങിയ ട്രെൻഡ്സെറ്റർ ചലച്ചിത്ര ഗാനങ്ങൾ. സ്ലാപ്സ്റ്റിക് കോമഡി സിനിമകളുടെ പുഷ്കല കാലം. ഇഷ്ടഗാനങ്ങളുടെ ലിസ്റ്റ് കൊടുത്ത് കസ്റ്റമൈസ്ഡ് കാസറ്റ്സ് ഉണ്ടാക്കുന്നത് പോലെ തനിയെ "ബേൺ’ ചെയ്തെടുത്ത, പാട്ടുകളുടെ നിരവധി സിഡികൾ പിന്നീട്  എനിക്കൊപ്പം ഹോസ്റ്റൽ ജീവിതത്തിലേക്കും കൂട്ടു വന്നു.

ഗെയിംസ്

ബാല്യകാലത്ത് വീട്ടുമുറ്റത്തും പാടത്തും പറമ്പിലും കളിച്ചിട്ടുള്ള നിരവധി കളികൾ കല്ലുകളി, കക്ക്, ഗോട്ടി, ഒളിച്ചേ കണ്ടേ, സെറ്റു പിൻ, ഡംബ്ഷറാഡ്സ്, ക്രിക്കറ്റ് മുതലായവ ഞങ്ങളുടെ ഭാഗ്യമായിരുന്നു. ഓടിച്ചാടി, കീഴ്മേൽ മറിഞ്ഞ് ഊഞ്ഞാലാടി, വെയിലു കൊണ്ട്, മരത്തിൽ കല്ലെറിഞ്ഞു കനികൾ വീഴ്ത്തിക്കഴിച്ച് നടന്ന അതേ ഞങ്ങൾ വീഡിയോ ഗെയിംസും കളിച്ചു. അച്ഛന്‍റെ ഓഫീസിലെ കമ്പ്യൂട്ടറിൽ റോഡ് റാഷും സ്പൈഡർ സോളിറ്റയറും പ്രിൻസ് ഓഫ് പേർഷ്യയും കളിക്കുന്നതു വിലപിടിപ്പുള്ള ഓർമയാണ്. അതിനു ശേഷം ആദ്യത്തെ മൊബൈൽ ഫോണിലെ സ്നേക്ക് ഗെയിം. കൈ കഴക്കും വരെ എന്നതായിരുന്നു കണക്ക്. സ്മാർട്ട് ഫോണിൽ എത്ര ഗെയിം കളിച്ചാലും ഇവയുടെ തട്ട് താണു തന്നെയിരിക്കും.

ദി എൻഡ് ഓഫ് ആൻ ഇറ

കഴിഞ്ഞ ദശാബ്ദത്തിലെ ’അടിപൊളി’ ന്യൂ ജെൻ ആയിരുന്ന മില്ലേനിയൽസ് മനസു കൊണ്ടിപ്പോഴും യൗവനത്തിളപ്പിലാണെങ്കിലും ജെൻസീക്കും ആൽഫയ്ക്കും അവർ മധ്യവയസ്കരായി മാറിക്കഴിഞ്ഞു. ഇതിനിടയിൽ ജീവിത നിലവാരത്തിനും മനുഷ്യ ബന്ധങ്ങൾക്കും ആശയവിനിമയത്തിനും ചിന്താഗതികൾക്കുമൊക്കെ എത്രയോ മാറ്റങ്ങൾ സംഭവിച്ചു!

ഓല മേഞ്ഞതോ ഓടിട്ടതോ ആയ വീടുകളിൽ ജനിച്ച പലരും ഫ്ളാറ്റുകളിൽ ചേക്കേറി. ഒരുപാട് പേർ എൻ.ആർ.കെ.കളും എൻ.ആർ.ഐ.കളുമായി. ഇപ്പോൾ മാതാപിതാക്കളായി ജെൻ ആൽഫയേയും ബീറ്റയേയും വളർത്തുമ്പോൾ, കഴിഞ്ഞ തലമുറകളിലെ അമ്മ -അച്ഛൻ-കുഞ്ഞുങ്ങൾ ബന്ധങ്ങളിലെ അധികാര ശ്രേണിയെ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ് വലിയൊരു വിഭാഗം മില്ലേനിയൽസും. അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുകയും മക്കളുടെ മേൽ സ്വന്തം ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുകയും അതിനിടയിൽ സ്വന്തം ഇഷ്ടങ്ങളേയും താത്പര്യങ്ങളേയും വീണ്ടെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് ഇതിൽ ത്തന്നെ വലിയൊരു ശതമാനമെന്നു തോന്നിയിട്ടുണ്ട്.

മില്ലേനിയൽസിന്‍റെ ബാല്യവും കൗമാരവും യൗവനവും തമ്മിൽ മറ്റെല്ലാ തലമുറകളേക്കാളും വലിയ അന്തരമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ, നയന്‍റീസ് കിഡ്സിന്‍റെ നൊസ്റ്റാൾജിയകൾ ഓർമിക്കുമ്പോൾ അതിനോട് കൂട്ടിച്ചേർക്കാൻ ഒരൊറ്റ വിശേഷണം മാത്രം: "ദി ഒ.ജി ജെനറേഷൻ!’

Latest News

Corehub Up