തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നയം രൂപവത്കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ സീബ്രാ ലൈനിന്റെ വീതി കൂട്ടും. സംസ്ഥാനത്തെ വാഹനങ്ങളുടെ കണക്കെടുക്കുന്നതിനായി വാഹന സെൻസസ് നടത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.
വാഹനങ്ങൾ സൃഷ്ടിക്കുന്ന വായുമലിനീകരണത്തിൽ കർശന നടപടി സ്വീകരിക്കും. കെഎസ്ആർടിസി ഡിപ്പോകളിൽ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. ഇതിന് എംഎൽഎമാർ നേതൃത്വം നൽകും. ഉടൻ തന്നെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതി ഒരു സൗജന്യ യാത്രാ പദ്ധതി എന്നതിനപ്പുറത്തേക്ക് പോയി. അഞ്ചു ലക്ഷം സ്ത്രീകളാണ് ഒരു ദിവസം അധികമായി കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത്.ഇതിലൂടെ രണ്ടരക്കോടി രൂപയുടെ അധിക ബാധ്യതയാണ് ഓരോ ദിവസവും സർക്കാരിനുണ്ടാകുന്നത്.
പക്ഷേ ഏതാണ്ട് ഏഴു കോടി രൂപ ഓരോ ദിവസവും ഈ സർക്കാർ സാധാരണക്കാരായ സ്ത്രീകളുടെ കൈയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കുടുംബ ബജറ്റിനെ യുഡിഎഫ് സർക്കാരിന്റെ ബജറ്റ് ശക്തിപ്പെടുത്തിയിരിക്കുകയാണ്.