തിരുവനന്തപുരം: സഹകരണ മേഖലയെയും സന്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്നു മന്ത്രി എം. ലിജു. സഹകരണ മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനങ്ങൾ മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂവെന്നും ഏതു തീരുമാനമെടുക്കുന്പോഴും സന്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 2025 വർഷത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2026ലെ അന്തർദേശീയ സഹകരണ ദിനാഘോഷം സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ ഇന്നു നടക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലുള്ള ട്രാവൻകൂർ ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിലാണു സഹകരണ ദിനാഘോഷ പരിപാടികൾ നടക്കുക.
രാവിലെ ഒന്പതിനു സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ പതാകയുയർത്തി ആരംഭിക്കുന്ന പരിപാടിയിൽ ഗതാഗതമന്ത്രി സി.പി. ജോണ് അധ്യക്ഷത വഹിക്കും. മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ സാമാജികരും സഹകരണ രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സമ്മേളനത്തിൽ 2025 വർഷത്തെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ട മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും നിർവഹിക്കും.
അർബൻ സഹകരണബാങ്ക് വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അർബൻ ബാങ്ക് ഒന്നാംസ്ഥാനവും കൊല്ലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് രണ്ടാസ്ഥാനവും എറണാകുളം ജില്ലയിലെ പീപ്പിൾസ് അർബൻ ബാങ്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസന ബാങ്ക് വിഭാഗത്തിൽ കാസർഗോഡ് പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസന ബാങ്ക് ഒന്നാം സ്ഥാനവും കോഴിക്കോട് കൊയിലാണ്ടി അഗ്രിക്കൾച്ചറൽ ബാങ്ക് രണ്ടാം സ്ഥാനവും ചങ്ങനാശേരി താലൂക്ക് പിസിഎആർഡിബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ കോഴിക്കോട് നന്മണ്ട കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്കിനാണ് ഒന്നാം സ്ഥാനം. ഏറാമല എസ്സിബി ബാങ്കിനു രണ്ടാം സ്ഥാനവും മാറാഞ്ചേരി എസ്സിബിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
എംപ്ലോയീസ് സഹകരണസംഘങ്ങളിൽ തൃശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിക്ക് ഒന്നാം സ്ഥാനം. മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിക്ക് രണ്ടാം സ്ഥാനവും കോട്ടയത്തെ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണസംഘത്തിനു മൂന്നാം സ്ഥാനവും ലഭിച്ചു. റോബർട്ട് ഓവൻ അവാർഡിനു മികച്ച നോമിനിയായി പാലക്കാട് പെരുവന്പ എസ്സിബി കെ.എം. ചന്ദ്രൻ അർഹനായി. പ്രത്യേക പുരസ്കാരം ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷികഗ്രാമ വികസന ബാങ്ക് നോമിനി കെ.വി.നാരായണനു ലഭിച്ചു. കോ-ഓപ്പ് ഡേ പുരസ്കാരം തിരുവനന്തപുരം ഒറ്റൂർ എസ്്സിബിക്ക് ലഭിച്ചു.
വനിത സഹകരണസംഘങ്ങളിൽ കണ്ണൂർ ചെണ്ടയാട് വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഒന്നാം സ്ഥാനവും മലപ്പുറം പോരൂർ വനിത ക്രെഡിറ്റ് സർവീസ് സൊസൈറ്റിക്കു രണ്ടാം സ്ഥാനവും കാസർഗോഡ് വെസ്റ്റ് എളേരി വനിത സൊസൈറ്റിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ആശുപത്രി സഹകരണസംഘങ്ങളിൽ മലപ്പുറം ജില്ലയിലെ പിഎംഎസ് എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
കൊച്ചിൻ സഹകരണ ആശുപത്രിക്ക് രണ്ടാം സ്ഥാനവും കൊല്ലം ജില്ലാ സഹകരണ ആശുപത്രിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.