പുത്തൂർ: കേരളത്തിന്റെ പശ്ചാത്തലമേഖലയിൽ നടന്നത് മാസ്മരിക വികസനമായിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂർ സുവോളജിക്കൽ പാർക്ക് റോഡിലെ പുത്തൂർ സമാന്തരപാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവർഷംകൊണ്ട് കേരളത്തിലെ 50 ശതമാനം റോഡും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുനരുദ്ധരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് റിയാസ് തുടർന്നു.
എന്നാൽ എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ 60 ശതമാനം പൊതുമരാമത്ത് റോഡും ബിഎം ബിസി നിലവാരത്തിലാക്കി മാറ്റിക്കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിപ്പോയ ദേശീയപാത 66 യാഥാർഥ്യമാക്കിയത് ഈ സർക്കാരിന്റെ ഇച്ഛാശക്തിയാണ്.
ഒട്ടനവധി പ്രതിബന്ധങ്ങൾ തരണംചെയ്ത് മലയോര ഹൈവേയും പൂർത്തിയാക്കിവരുന്നു. തീരദേശ ഹൈവേയും നാടിനുവേണ്ടി ഒരുങ്ങുന്നു. 100 പാലങ്ങളെങ്കിലും നിർമിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച സർക്കാർ 150 പാലങ്ങൾ ജനങ്ങൾക്ക് തുറന്നുകൊടുത്തു കഴിഞ്ഞുവെന്നും മന്തി പറഞ്ഞു. മന്ത്രി കെ. രാജൻ അധ്യക്ഷതവഹിച്ചു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം ബിസി നിലവാരത്തിൽ വികസിപ്പിച്ച വകുപ്പിനെയും മന്ത്രിയെയും മന്ത്രി രാജൻ നന്ദി അറിയിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ സി.എം. സ്വപ്ന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാജി ഗരീജ, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പൊറ്റേക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. അഖിൽ, പുത്തൂർ പഞ്ചായത്തംഗം കെ.വി. സജു തുടങ്ങിയവർ പങ്കെടുത്തു.