ചേര്‍ത്തല: കേരളത്തിലെ 32 രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന "ദൈവകരുണയുടെ പ്രേഷിത മഹാസംഗമം' പുതുഞായര്‍ ദിനമായ 12ന് മായിത്തറ ഇടവകയുടെ നേതൃത്വത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും.
പുതുഞായര്‍ ദിനാചരണത്തിന്റെ ഭാഗമായി ദൈവകരുണയുടെ തിരുനാളായാണ് സംഗമം ആഘോഷിക്കുക. തിരുനാളിനോടനുബന്ധിച്ച് 11നു രാത്രി 12നു തുടങ്ങുന്ന തിരുക്കര്‍മങ്ങള്‍ 12നു രാത്രി 11.30നു സമാപനശൂശ്രൂഷയോടെ സമാപിക്കും.
ഗോഡ്സ് ഓണ്‍ മിഷന് അണ്‍ലിമിറ്റഡ്, ഗ്ലോബല്‍ ഡിവൈന്‍ മേഴ്സി ഫൗണ്ടേഷന്, ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് എന്നീ മിഷനുകളുടെ സഹകരണത്തോടെ നടത്തുന്ന തിരുനാളില്‍ കേരളസഭയിലെ പിതാക്കന്മാര്, വൈദികശ്രഷ്ഠര്, സന്യസ്തര്‍, 32 രൂപതകളിലെ അല്മായ പ്രതിനിധികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 10,000ല്‍പ്പരം വിശ്വാസികളും പങ്കെടുക്കും.
മഹാസംഗമത്തില്‍ ഉയര്‍ത്താനുള്ള പതാക സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ ആശീര്‍വദിക്കും. 11ന് അര്‍ധരാത്രി 12ന് ദൈവകരുണയുടെ മഹനീയ ദര്‍ശനം, 12.15ന് ദിവ്യബലി. മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
12ന് വൈകുന്നേരം മൂന്നിന് നടത്തുന്ന പൊന്തിഫിക്കല്‍ തിരുനാള്‍ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികനാകും. ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍, ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ആലപ്പുഴ മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. രാത്രി 11.30ന് സമാപനശുശ്രൂഷ.