ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിലെ അവസാന 18 ലീഗ് പോരാട്ടങ്ങളും ഒരേ സമയത്തായിരുന്നു. ഉദ്വേഗജനകമായ റൗണ്ട്. അതിൽ, പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫികയും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും തമ്മില്‍ ലിസ്ബണില്‍ അരങ്ങേറിയത് ഹോളിവുഡ് സിനിമയേക്കാള്‍ സൂപ്പര്‍ ത്രില്ലര്‍.
ലിസ്ബണിലെത്തിയ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ രണ്ടുതവണ വലകുലുക്കി. എന്നാല്‍, സ്റ്റോപ്പേജ് ടൈമില്‍ ബെന്‍ഫിക ഗോള്‍ കീപ്പര്‍ അനറ്റോലി ട്രുബിന്റെ ഹെഡര്‍ ഗോളാണ് തരംഗമായത്. 4-2ന്റെ തോല്‍വിയിലേക്ക് റയല്‍ മാഡ്രിഡ് കൂപ്പുകുത്തി. അതോടെ ലീഗ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തായ റയല്‍ മാഡ്രിഡ് പ്ലേ ഓഫിലേക്കു പതിച്ചു. റയലിന്റെ മുന്‍ മാനേജരായ, ഹൊസെ മൗറീഞ്ഞോയുടെ തന്ത്രത്തിലൂടെ നിര്‍ണായക ജയം സ്വന്തമാക്കി ബെന്‍ഫിക യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് റൗണ്ടിലെത്തി.
ട്രുബിന്‍ ഹെഡര്‍
ജയിച്ചാല്‍ നേരിട്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം എന്നതായിരുന്നു റയല്‍ മാഡ്രിഡിന്റെ അവസ്ഥ. സ്റ്റോപ്പേജ് ടൈമില്‍ റൗണ് അസെന്‍സിയോയും (90+2) റോഡ്രിഗോയും (90+6) ചുവപ്പുകാര്‍ഡ് കണ്ടതോടെ റയലിന്റെ അംഗബലം ഒമ്പതിലേക്കു ചുരുങ്ങി. പ്ലേ ഓഫില്‍ ഇടംനേടാന്‍ ഒരു ഗോള്‍കൂടി നേടണമെന്ന അവസ്ഥയിലായിരുന്നു ബെന്‍ഫിക അപ്പോള്‍. ബെന്‍ഫികയ്ക്ക് അനുകൂലമായി 90+8-ാം മിനിറ്റിൽ ഫ്രീകിക്ക്. ഗോള്‍ കീപ്പര്‍ അനറ്റോലി ട്യുബന് ഒഴികെയുള്ള ബെന്‍ഫിക താരങ്ങള്‍ റയല്‍ മാഡ്രിഡിന്റെ ഫൈനല്‍ തേര്‍ഡില്‍. ഈ നിമിഷം ഹൊസെ മൗറീഞ്ഞോ അനറ്റോലിയോടും റയലിന്റെ ബോക്സിനു മുന്നിലെത്താന്‍ ആംഗ്യംകാണിച്ചു. അനറ്റോലി ഓടിയെത്തി. ഫ്രീകിക്കിനു തലവച്ച അനറ്റോലി ലക്ഷ്യംകണ്ടു.ലീഗ് ടേബിളിലെ ആദ്യ എട്ട് സ്ഥാനക്കാര്‍ നേരിട്ട് പ്രീക്വാര്‍ട്ടറിലേക്കും ഒമ്പത് മുതല്‍ 24വരെയുള്ളവര്‍ പ്ലേ ഓഫിലേക്കുമാണ് യോഗ്യത നേടുന്നത്.
ഗണ്ണേഴ്സ്, ബാഴ്സ, ലിവര്‍, ചെല്‍സി
ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണിന്റെ ലീഗ് റൗണ്ടിലെ എട്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി. ഹോം മത്സരത്തില്‍ 3-2ന് കയ്റാറ്റ് അല്‍മാറ്റിയെ കീഴടക്കിയതോടെയാണിത്. ലീഗ് ഘട്ടത്തില്‍ ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താത ഏക ടീമാണ് ഗണ്ണേഴ്സ്.
ഹോം മത്സരത്തില്‍ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ 4-1ന് എഫ്സി കോബെന്ഹനെ തോല്‍പ്പിച്ചു. ലെവന്‍ഡോവ്സ്കി, യമാല്‍, റാഫീഞ്ഞ, റാഷ്ഫോഡ് എന്നിവരുടെ വകയായിരുന്നു ബാഴ്സലോണയുടെ ഗോളുകള്‍.
ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സി 6-0ന് എഫ്കെ ഖരാബാഗിനെ തകര്‍ത്തു. മക്അല്ലിസ്റ്റര്‍ രണ്ടു പ്രാവശ്യവും വിര്‍റ്റ്സ്, സല, എകിറ്റെക്കെ, കിയേസ എന്നിവര്‍ ഓരോ തവണയും ലിവര്‍പൂളിനായി വലകുലുക്കി. ജര്‍മന്‍ ക്ലബ് എഫ്സി ബയേണ്‍ മ്യൂണിക് 2-1ന് പിഎസ് വി ഐന്തോവനെ തോല്‍പ്പിച്ചു. ഇംഗ്ലീഷ് ക്ലബ് ചെല്‍സി എവേ പോരാട്ടത്തില്‍ 3-2ന് ഇറ്റലിയില്‍നിന്നുള്ള നാപ്പോളിയെ കീഴടക്കി.
പിഎസ്ജി, ഇന്റര്‍, റയല്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന്, ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകള്‍ക്കു നേരിട്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. പ്ലേ ഓഫിലൂടെ വേണം ഈ വമ്പന്മാര്ക്ക് ഇനി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍.