ഹൈദരാബാദ്: നടൻ യാഷ് പ്രധാനവേഷത്തിലെത്തുന്ന ടോക്സിക് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ അപകടം. ഹൈദരാബാദിലെ മല്ലാ റെഡ്ഡി യൂണിവേഴ്സിറ്റിയിൽ ശനിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.
ലൈറ്റുകളും സൗണ്ട് ബോക്സുകളും സ്ഥാപിച്ചിരുന്ന സംവിധാനത്തിന്റെ ഒരുഭാഗം തകർന്നു വീഴുകയായിരുന്നു. യാഷ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അപകടം. വൻ ജനക്കൂട്ടമായിരുന്നതിനാൽ ചില വിദ്യാർഥികൾ ലൈറ്റ്-സൗണ്ട് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന സ്റ്റാൻഡുകളുടെ മുകളിൽ കയറിയിരുന്നു.
കൂടുതൽ പേർ കയറിയതോടെ ഭാരം താങ്ങാനാകാതെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പരുക്കേറ്റ വിദ്യാർഥികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ശ്രദ്ധയിൽപെട്ടതോടെ യാഷ് സംസാരിക്കുന്നത് നിർത്തി. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് സംഘാടകരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനുശേഷമാണ് അദ്ദേഹം പ്രസംഗം തുടർന്നത്.