പത്തനംതിട്ട: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ വിശുദ്ധവര്‍ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട രൂപതയിലെ മുണ്ടുകോട്ടയ്ക്കല്‍ സെന്റ് ബേസില്‍സ് കപ്പുച്ചിന്‍ ആശ്രമത്തെയും വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തിലുള്ള കീക്കൊഴൂര്‍, തോട്ടമണ്‍ ഇടവകകളെയും പ്രത്യേക തീര്‍ഥാടന കേന്ദ്രങ്ങളായി ഉയര്‍ത്തി. പത്തനംതിട്ട ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പുറത്തിറക്കിയ സര്‍ക്കുലറിലാണ് പ്രഖ്യാപനം. മൂന്ന് സ്ഥലങ്ങളും ഇന്ന് മുതല്‍ 2027 ജനുവരി 10 വരെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധവര്ഷാചരണത്തിനും പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കുന്നതിനുമുള്ള പ്രത്യേക തീര്ഥാടനകേന്ദ്രങ്ങളായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
വിശുദ്ധ ഫ്രാന്‍സിസ് നിത്യതയിലേക്ക് പ്രവേശിച്ചതിന്റെ എട്ടാം ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെ കത്തോലിക്കാസഭ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിശുദ്ധവര്‍ഷത്തില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരിക്കൽ, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ഥിക്കൽ, പാപത്തോടുള്ള പൂര്‍ണമായ അകല്‍ച്ച എന്നീ വ്യവസ്ഥകള്‍ പാലിക്കുന്ന വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം നേടാവുന്നതാണ്. ഈ ദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയും സമര്‍പ്പിക്കാന്‍ സാധിക്കും. പ്രായാധിക്യം, രോഗം തുടങ്ങിയ ഗുരുതര കാരണങ്ങളാല്‍ ദേവാലയങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും തങ്ങളുടെ സഹനങ്ങളും പ്രാര്‍ഥനകളും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് ഈ ആത്മീയ കൃപയില്‍ പങ്കുചേരാനുള്ള അവസരമുണ്ടെന്നും സര്‍ക്കുലറിലൂടെ ഭദ്രാസനാധ്യക്ഷന്‍ സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു.
ഫ്രാന്‍സിസ്കന്‍ ആത്മീയത
പ്രായോഗികമാകണം
ഉപഭോഗസംസ്കാരത്തിന്റെ ഈ കാലഘട്ടത്തില്‍ ലാളിത്യം ഒരു ക്രിസ്തീയ മൂല്യമാണെന്ന് തിരിച്ചറിയണം. മരം നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറച്ചും പ്രകൃതിയോടുള്ള ഉത്തരവാദിത്വബോധം യുവജനങ്ങളിലും കുട്ടികളിലും വളര്‍ത്തി ഫ്രാന്‍സിസ്കന്‍ ആത്മീയത പ്രായോഗികമാക്കണം. എല്ലാവരും സമാധാനത്തിന്റെ ഉപകരണങ്ങളാകണം. ക്രിസ്തുവിലേക്കും കരുണയിലേക്കും മടങ്ങുകയെന്നതാകണം ലക്ഷ്യമാക്കേണ്ടത്.
വിശുദ്ധ വര്ഷാചരണത്തോനുബന്ധിച്ചു പ്രഖ്യാപിക്കപ്പെട്ട മൂന്ന് തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ഇടവകതലത്തിലും കുടുംബപരമായും വ്യക്തിപരമായും തീര്‍ഥാടനം നടത്താനും പ്രാര്‍ഥനകള്‍ക്കും ധ്യാനത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കാനും കഴിയണം. ഈ കാലയളവില്‍ വൈദികര്‍ കുമ്പസാരശുശ്രൂഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം.
ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത
പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ.