ഏകദേശം ഇരുപത്തിയൊന്നു കോടി വർഷങ്ങൾക്കുമുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന അപൂർവ ദിനോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയിലെ കരീബ തടാകതീരത്തുനിന്നാണ്, ഇതുവരെ അറിയപ്പെടാതിരുന്ന പുതിയൊരു ദിനോസർ വിഭാഗത്തിന്റെ ഫോസിലുകൾ കണ്ടെത്തിയത്. ഭൂമി അടക്കിഭരിച്ചിരുന്ന പടുകൂറ്റൻ ജീവിവർഗത്തിന്റ പ്രാചീന കാലഘട്ടത്തിലെ ആവാസരീതികളെക്കുറച്ചും ഭൂമിശാസ്ത്രപരമായ വ്യാപനത്തെക്കുറിച്ചും നിര്‍ണായക വിവരങ്ങൾ പുതിയ കണ്ടെത്തലിലൂടെ ലഭിക്കുമെന്ന് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് പാലിയന്റോളജിയിൽ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലേറ്റ് ട്രയാസിക് (Late Triassic) യുഗത്തില്‍, അതായത് ഭൂമിയില്‍ ദിനോസറുകള്‍ കൂടുതല്‍ വലിപ്പം വയ്ക്കാനും വൈവിധ്യമാര്‍ന്ന വ്യവസ്ഥിതികളിൽ ആധിപത്യം ഉറപ്പിക്കാനും തുടങ്ങിയ കാലഘട്ടത്തിലാണ്, മുസാംഗോ മാറ്റുസഡോണെൻസിസ് (Musango matusadonaensis) എന്നു പേരിട്ടിരിക്കുന്ന ഇവ ജീവിച്ചിരുന്നത്.
2018-ല്‍ സിംബാബ്വെ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകർ കരീബ തടാകത്തിലെ സ്പര്വിംഗ് ദ്വീപില്‍ നടത്തിയ പര്യവേഷണത്തിലാണ് അപൂര്‍വ ഫോസിലുകള്‍ കണ്ടെത്തുന്നത്. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രമുഖ പാലിയന്റോളജിസ്റ്റും ഗവേഷകസംഘത്തിലെ തലവനുമായ പോള്‍ ബാരറ്റ് തടാകതീരത്തിലൂടെ നടക്കുമ്പോഴാണ് അസ്ഥികളുടെ ഭാഗങ്ങൾ ശ്രദ്ധയില്‍പ്പെടുന്നത്.
ദിനോസറിന്റെ തുടയെല്ല്, കണങ്കാല് എന്നിവ ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഖനനത്തിൽ ലഭിച്ചത്. തുടർന്നു നടത്തിയ വിശദ പഠനത്തിലാണ് പ്രദേശത്ത് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചവയിൽനിന്നു വ്യത്യസ്തമായ, ശാസ്ത്ര ലോകത്തിന് ഇതുവരെ അജ്ഞാതമായ പുതിയ സ്പീഷീസാണിതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
മുസാംഗോ മാറ്റുസഡോണെൻസിസ്
സോറോപോഡോമോര്ഫ് (sauropodomorph) വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. പില്ക്കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ കരജീവികളായി മാറിയ, നീളമുള്ള കഴുത്തോടുകൂടിയ ഭീമന് സോറോപോഡുകളായി (sauropods) പരിണമിച്ചത് ഈ വിഭാഗത്തില്‍ നിന്നാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അര്‍ജന്റീനയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയിട്ടുള്ള ചില പ്രാചീന ദിനോസറുകളുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഭൂഖണ്ഡങ്ങള്‍ വേര്‍പിരിയുന്നതിന് മുന്‍പ്, പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്ന കരഭാഗങ്ങളിലൂടെ ഭൂമിയുടെ വിവിധ കോണുകളിലേക്ക് സഞ്ചരിക്കാനും വ്യാപിക്കാനും പ്രാചീന ദിനോസറുകള്‍ക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവായി ഗവേഷകലോകം ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയില്‍ ഫോസില്‍ ഖനനവും പര്യവേഷണങ്ങളും വളരെ കുറഞ്ഞ അളവിലാണ് നടന്നിട്ടുള്ളത്. അതുകൊണ്ടു വിപുലമായ പഠനങ്ങള്‍ നടത്തിയാല്‍ ഭൂമിയുടെ ചരിത്രം മാറ്റിയെഴുതുന്ന, പുരാതന ജീവികളുമായി ബന്ധപ്പെട്ട നിരവധി കണ്ടെത്തലുകൾ ആഫ്രിക്കയിൽ സംഭവിക്കാമെന്ന് ഗവേഷകസംഘം അഭിപ്രായപ്പെട്ടു.