കോളിവുഡ് സംവിധായകൻ മിഷ്കിനും വിജയ് സേതുപതിയും ഒന്നിക്കുന്ന 'ട്രെയിൻ' ഡിസംബർ നാലിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. 2020-ൽ റിലീസ് ചെയ്ത 'സൈക്കോ' എന്ന ചിത്രത്തിനുശേഷം മിഷ്കിൻ വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണിത്. വിജയ് സേതുപതിക്കൊപ്പം ശ്രുതി ഹാസനും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമിക്കുന്നത്. രചനയും സംവിധാനവും നിർവഹിക്കുന്നതിനൊപ്പം മിഷ്കിൻ ആദ്യമായി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നാസർ, നരേൻ, കെ.എസ്. രവികുമാർ, സമ്പത്ത് രാജ്, കലയരശൻ, അജയ് രത്നം, ബാബ്ലൂ പൃഥ്വിരാജ്, വിൻസെന്റ് അശോകൻ, ഗണേഷ് വെങ്കട്ടരാമൻ, കനിഹ, ജനനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും ശ്രീ വാട്സൺ എഡിറ്റിംഗും നിർവഹിക്കുന്നു.
ത്യാഗരാജൻ കുമാരരാജയുടെ 'പോക്കറ്റ് നോവൽ', മണിരത്നത്തിന്റെ 'ഇഞ്ചി വെള്ളം', പുരി ജഗന്നാഥിന്റെ 'സ്ലം ഡോഗ്: 33 ടെമ്പിൾ റോഡ്' എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.