ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും ശക്തമാകുന്നു. നീറ്റ് പുനഃപരീക്ഷ നടക്കുന്ന ഇന്നും ജന്തർ മന്തറിൽ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധവുമായി തെരുവിൽ തുടരുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെ മാത്രമാണ് പ്രതിഷേധ പരിപാടികൾക്ക് കോടതി അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് വകവെക്കാതെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. പരീക്ഷയുടെ വിശ്വാസ്യത തകർത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.
സിജെപി നേതാവ് അഭിജീത് ദീപ്കെ നിലവിൽ ജന്തർ മന്തറിൽ തുടരുകയാണ്. പ്രതിഷേധക്കാർക്ക് ഡൽഹി പോലീസ് കുടിവെള്ളവും ശുചിമുറി സൗകര്യവും നിഷേധിക്കുന്നതായി സിജെപി ആരോപിച്ചു. അതേസമയം ധർമേന്ദ്ര പ്രധാനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ സോനം വാംഗ്ചുക് വ്യക്തമാക്കി.