കൊച്ചി: സിനഗോഗ് ആക്രമണക്കേസിലെ പ്രതി എബിൻ പോളിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് നേരെ ആക്രമണം നടത്തിയത് മറ്റ് സ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബോസ് എന്ന് വിളിക്കുന്ന വ്യക്തിക്ക് അയച്ചുനൽകിയതായും ക്രിപ്റ്റോ കറൻസി വഴി പണം നേടിയിരുന്നതായും വിവരമുണ്ട്. എബിനെ കസ്റ്റഡിയിലെടുത്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചത്. ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ ഇന്റെർനെറ്റിൽ തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലിസ് ടെലഗ്രാമിന് കത്തയച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ആക്രമണം നടത്തിയത് താനാണെന്ന് എബിൻ സമ്മതിച്ചതായാണ് വിവരം. മറ്റ് ചില സ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിനുള്ള പരിശീലനമായിരുന്നു ഇവിടെ നടത്തിയതെന്നും ഇയാൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം ഇന്നലെയാണ് എബിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ആക്രമണദൃശ്യങ്ങൾ മറ്റൊരാൾക്ക് അയച്ചുനൽകിയതും അതുവഴി ക്രിപ്റ്റോ കറൻസി ലഭിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിൽ എബിൻ പോളിനെ ദേശീയ അന്വേഷണ ഏജൻസി വീണ്ടും ചോദ്യം ചെയ്യും. ആക്രമണങ്ങൾക്ക് പിന്നിലെ ലക്ഷ്യം, ബോസ് എന്ന് വിളിക്കുന്ന വ്യക്തിയുടെ പങ്ക്, ക്രിപ്റ്റോ ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.