Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nanotyrannus

6. 6 കോടി വർഷം പഴക്കമുള്ള ദിനോസർ വിസർജ്യത്തിൽ പക്ഷിത്തൂവൽ; പറയും കൂട്ടവംശനാശത്തിന്‍റെ കഥ

6.6 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​നോ​സ​റി​ന്‍റെ വിസർജ്യത്തി​ൽ ക​ണ്ടെ​ത്തി​യ പ​ക്ഷിത്തൂവൽ അ​ക്കാ​ല​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തെ​ക്കു​റി​ച്ചു പു​തി​യ സൂ​ച​ന​ക​ൾ ന​ൽ​കു​ന്നതായി ഗവേഷകർ. കറന്‍റ് ബയോളജി ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ​പ​ഠ​നം, ചി​ല പ​ക്ഷി​ക​ൾ മ​ഹാ​വം​ശ​നാ​ശ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ മ​റ്റു ചി​ല​ത് എ​ങ്ങനെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു എ​ന്ന​തി​ലേ​ക്കു വെ​ളി​ച്ച വീ​ശു​ന്നതായും ഗവേഷകലോകം.

ഡേ​വി​ഡ് ഡെ​മാ​ർ ജൂ​നി​യ​ർ എന്ന പാലിയന്‍റോളജിസ്റ്റ് ​​വ​ട​ക്കു​കി​ഴ​ക്ക​ൻ മൊ​ണ്ടാ​ന​യി​ൽനി​ന്നാണു ദി​നോ​സ​ർ വിസർജ്യാവ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. 2016-ൽ ആയിരുന്നു കണ്ടെത്തൽ. അ​വ​ശി​ഷ്ടം മൈ​ക്രോ-​സി​ടി സ്കാ​നിം​ഗി​നും ത്രീഡി സ​ർ​ഫ​സ് സ്കാ​നിം​ഗി​നും വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ കാര്യമായി കേടുപാടുകൾ സംഭവിക്കാത്ത പ​ക്ഷി​ത്തൂവൽ ക​ണ്ടെ​ത്തി​യ​ത്. നാ​നോ​ടൈ​റാ​ന​സ് അ​ല്ലെ​ങ്കി​ൽ ടി-​റെ​ക്സിന്‍റേതാകാം (Tyrannosaurus rex) കാഷ്ഠാവശിഷ്ടമെന്നു ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്നു.

സാ​ധാ​ര​ണ​യാ​യി ഫോ​സി​ലു​ക​ളി​ൽ തൂ​വ​ലു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ മാ​ത്ര​മാ​ണു കാ​ണാ​റു​ള്ള​തെ​ങ്കി​ൽ, ഇ​വി​ടെ ‌തൂവൽ പൂർണമായും സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. തൂവലുകൾക്കു വെ​ള്ള​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വു​ണ്ടാ​യി​രു​ന്നു. സ്പോ​ഞ്ച് പോ​ലെ​യു​ള്ള ഉ​ള്ളി​ലെ ഘ​ട​ന​യും ക​ടു​പ്പ​മു​ള്ള പു​റം​പാ​ളി​യും അ​ട​ങ്ങി​യ അതിന്‍റെ ഘ​ട​ന ഇ​ന്ന​ത്തെ പ​ക്ഷി​ക​ളു​ടെ തൂ​വ​ലു​ക​ൾ​ക്കു സ​മാ​ന​മാ​ണ്. മെ​സോ​സോ​യി​ക് യു​ഗ​ത്തി​ലെ മ​റ്റു ഫോ​സി​ലു​ക​ളി​ൽ ഇ​ന്നു​വ​രെ ഇ​ത്ത​ര​മൊ​രു ഘ​ട​ന ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ആ​ഹാ​ര​ശൃം​ഖ​ല​യു​ടെ തെ​ളി​വ്
സ്കാ​നിം​ഗി​ൽ ര​ണ്ട് അ​സ്ഥി​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് 'ഹെ​സ്പെ​റോ​ർ​ണി​ത്തി​ഫോം' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ജ​ല​പ​ക്ഷി​യു​ടേ​താ​ണെ​ന്നു ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു. കൂ​ടാ​തെ, 'ഗാ​ർ' വ​ർഗ​ത്തി​ൽ​പ്പെ​ട്ട മത്സ്യത്തിന്‍റെ ര​ണ്ടു ചെ​തു​മ്പ​ലു​ക​ളും അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ദി​നോ​സ​ർ ഭക്ഷണമാക്കിയ പ​ക്ഷി​യു​ടെ ഒ​ടു​വി​ല​ത്തെ ഇ​ര​യാ​യി​രു​ന്നു ഈ ​മീ​ൻ എ​ന്ന​തിന്‍റെ തെ​ളി​വാ​ണി​ത്. അ​താ​യ​ത് ഒ​രു മീ​നി​നെ പ​ക്ഷി തി​ന്നു​ക​യും, ആ ​പ​ക്ഷി​യെ ദി​നോ​സ​ർ തി​ന്നു​ക​യും ചെ​യ്തു എ​ന്ന ആ​ഹാ​ര​ശൃം​ഖ​ല​യാ​ണ് ഈ ഫോ​സി​ലി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

വം​ശ​നാ​ശ​ത്തിന്‍റെ കാ​ര​ണം
ഛിന്ന​ഗ്ര​ഹം പതിച്ചതിനെത്തുടർന്ന്, ഭൂ​മി​യി​ൽ പൊ​ടി​യും പു​ക​യും നി​റ​ഞ്ഞ് സൂ​ര്യ​പ്ര​കാ​ശം മ​റ​യു​ക​യും മ​ഞ്ഞു​കാ​ലം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തിനെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​മു​ള്ള പ​ക്ഷി​ക​ൾ മാ​ത്ര​മേ അ​തി​ജീ​വി​ച്ചു​ള്ളൂ. തൂ​വ​ലു​ക​ൾ മെ​സോ​സോ​യി​ക് യു​ഗ​ത്തി​ലെ സാ​ധാ​ര​ണ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യി​രു​ന്നെങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന ക​ഠി​നശൈത്യത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​രു​ന്നി​ല്ല. ഇ​തൊക്കെയാകാം ദി​നോ​സ​റു​ക​ൾ​ക്കൊ​പ്പം ഈ ​പ​ക്ഷി​വി​ഭാ​ഗ​വും വം​ശ​നാ​ശം സംഭവിക്കാൻ‌ പ്ര​ധാ​ന കാ​ര​ണ​മാ​യി ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

Latest News

Corehub Up