ദേശീയ ചലച്ചിത്ര പുരസ്കാര ജൂറികൾ മമ്മൂട്ടിയെപ്പോലൊരു നടനെ അർഹിക്കുന്നില്ലെന്ന് നടൻ പ്രകാശ് രാജ്.
മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നും സീനിയർ ആയതുകൊണ്ടല്ല പുരസ്കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
മമ്മൂട്ടി ഇവിടെ ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഒരിക്കൽപ്പോലും നമ്മൾ ഒരു സീനിയർ ആയ മനുഷ്യൻ ആയി കണക്കാക്കുന്നില്ല. അങ്ങനെ അല്ല പുരസ്കാരത്തിന് പരിഗണിച്ചത്. ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹം പുലർത്തിയ ചില സൂക്ഷ്മാഭിനയങ്ങളും വളരെ ശക്തമായിരുന്നു.
അതെല്ലാം ഇന്നത്തെ യുവാക്കൾ കണ്ടു മനസ്സിലാക്കേണ്ടതാണ്. പക്ഷേ എആർഎമ്മിലെ ടൊവിനോ തോമസിന്റെ അഭിനയവും, ഞങ്ങൾ പരിഗണിച്ച നാല് സിനിമകളിലെ ആസിഫ് അലിയുടെ അഭിനയവും രിഗണിച്ചാൽ തങ്ങളുടെ സിനിമകൾ മികവുറ്റതാക്കാൻ അവർ കാണിക്കുന്ന പരിശ്രമവും വളരെ വലുതാണ്.
ഉജ്വല പ്രകടനം കാഴ്ചവയ്ക്കാനുള്ള ഇവരുടെ ശ്രമങ്ങൾ മമ്മൂക്കയെയും മോഹൻലാലിനെയും പോലെയുള്ള മഹാന്മാരായ കലാകാരന്മാരെ സ്വാധീനിക്കുന്നുണ്ടാകും.
ഭ്രമയുഗത്തിലെ മമ്മൂക്കയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ സൂക്ഷ്മ പ്രകടനങ്ങളും കണ്ട് എനിക്ക് തന്നെ അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹം ഈ പുരസ്കാരത്തിന് അർഹനാണ്. ഇന്നത്തെ യുവതലമുറ ഇതെല്ലാം കണ്ട് മനസിലാക്കുകയും മമ്മൂക്കയുടെ അഭിനയത്തിൽ നിന്ന് പലതും പഠിക്കുകയും വേണം.
ഇതൊരു ചാരിറ്റി സംഘടന ഒന്നും അല്ലല്ലോ എല്ലാവർക്കും പുരസ്കാരങ്ങൾ നൽകാൻ, പ്രസക്തി ഉള്ളവർക്ക് നൽകുക അതാണ് ചെയ്യേണ്ടത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്.
കേരളാ സർക്കാർ എന്നെ ഇങ്ങോട്ട് വിളിച്ച്, അനുഭവപരിചയമുള്ള ഒരാൾ പുറത്തുനിന്ന് വേണമെന്ന് ആവശ്യപ്പെട്ടപ്പോഴും, 'ഞങ്ങൾ ഇതിൽ ഇടപെടില്ല, നിങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്' എന്ന് പറഞ്ഞപ്പോഴും എനിക്ക് സന്തോഷം തോന്നി.
കാരണം, ദേശീയ പുരസ്കാരങ്ങളിൽ അത് സംഭവിക്കുന്നില്ല. അവിടെ ഫയലുകളും കെട്ടുകളും അവാർഡ് നേടുന്നത് നമ്മൾ കാണുന്നു. അത്തരത്തിലുള്ള ഒരു ജൂറിയും അത്തരത്തിലുള്ള ഒരു ദേശീയ സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്.