ട്രെന്‍ഡിനൊത്ത സംരംഭവുമായി ശ്യാമളകുമാരി
ചാലിശേരി: സ്ത്രീകള്‍ക്കിടയില്‍ പുതിയ തരംഗമായി മാറിയ മ്യൂറല്‍ പെയിന്റിംഗ് ആഭരണങ്ങളുടെ ശേഖരവുമായാണ് തിരുവനന്തപുരം സ്വദേശിനി ശ്യാമളകുമാരി ദേശീയ സരസ് മേളയില്‍ സജീവമാകുന്നത്. തിരുവനന്തപുരം ചെറുവയ്ക്കല്‍ ശ്രീ ധര്‍മശാസ്ത്ര കുടുംബശ്രീയിലെ സംരംഭകയാണ് ശ്യാമളകുമാരി.
കേരളത്തിന്റെ തനതുകലാരൂപമായ ചുമര്‍ചിത്രങ്ങളെ ആഭരണങ്ങളിലേക്കു പകര്‍ത്തിയാണ് ശ്യാമളകുമാരി തന്റെ സംരംഭത്തിനു പുതുജീവനേകിയത്. 2023ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അനുവാദത്തോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ ചുമര്‍ചിത്രം വരച്ച ആദ്യ വനിത എന്ന നേട്ടത്തിന്റെ ഉടമ കൂടിയാണ് ശ്യാമളകുമാരി. 2017 ലെ നാരീ ശക്തി പുരസ്കാരജേതാവും കൂടിയാണിവര്‍. മനോഹരങ്ങളായ മാലകള്‍, സാരികള്‍, അഗര്‍ബത്തി സ്റ്റാന്റ്, പെന്‍ സ്റ്റാന്റ്, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുമുണ്ട്. ഇപ്പോള്‍ മ്യൂറല്‍ പെയിന്റിഗ് ജ്വല്ലറി മേക്കിംഗില്‍ വീട്ടില്‍തന്നെ ക്ലാസെടുക്കുന്നുമുണ്ട് ശ്യാമളകുമാരി.
കൂര്‍ക്ക അച്ചാറിനു വന്‍ ഡിമാൻഡ്
ചാലിശ്ശേരി: മലയാളികളുടെ പ്രിയപ്പെട്ട വിഭവമായ കൂര്‍ക്കയുടെ വ്യത്യസ്തമായ രുചിക്കൂട്ടുമായി ചാലിശേരി സരസ് മേളയില്‍ ചങ്ങനാശേരി സ്വദേശിനി സംഗീതയും കുടുംബവും ശ്രദ്ധേയരാകുന്നു. സാധാരണയായി ഉപ്പേരിയായും മെഴുക്കുപുരട്ടിയായും ചോറിനൊപ്പം വിളമ്പുന്ന കൂര്‍ക്കയെ അച്ചാര്രൂപത്തില് അവതരിപ്പിച്ചതാണ് മേളയിലെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
കുടുംബശ്രീയുടെ കരുത്തില്‍ വിപണിയിലെത്തിയ ഈ കൂര്‍ക്ക അച്ചാറിനു മേളയില്‍ വന്‍ ഡിമാൻഡാണ്. പ്രതിസന്ധികളെ അതിജീവിച്ച കഥകൂടിയാണ് സംഗീതയ്ക്കു പറയാനുള്ളത്.
കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്കു സംഗീത എത്തിയത്. കുടുംബശ്രീയുടെ സഹായത്തോടെ ഈ പദ്ധതി വിപുലപ്പെടുത്തുകയും വൈവിധ്യമാര്‍ന്ന അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുകയും ചെയ്തു.
കൂര്‍ക്ക അച്ചാറിനു പുറമെ മാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവ കൊണ്ടുള്ള പരമ്പരാഗത അച്ചാറുകളും വിവിധ പച്ചക്കറികള്‍ ചേര്‍ത്ത മിക്സഡ് അച്ചാറുകളും ഇവരുടെ സ്റ്റാളില്‍ ലഭ്യമാണ്.