ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിൽനിന്ന് വിവിധ വിഷയങ്ങളിൽ 9,557 പരാതികൾ ദേശീയ ന്യൂനപക്ഷ കമ്മീഷനു ലഭിച്ചതായി കേന്ദ്രസർക്കാർ.
ക്രമസമാധാനവുമായി ബന്ധപ്പെട്ട 2,059 പരാതികളും ഭൂമിതർക്കവുമായി ബന്ധപ്പെട്ട 1,031 പരാതികളും ലഭിച്ചപ്പോൾ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട 31 പരാതികൾ മാത്രമാണ് കമ്മീഷനു ലഭിച്ചതെന്നും വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട 97 പരാതികൾ ലഭിച്ചതായും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
മുസ്ലിം സമുദായത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ കമ്മീഷനു ലഭിച്ചത് -6,145 പരാതികൾ. സിക്ക് സമുദായത്തിൽനിന്ന് 1,222 പരാതികളും ക്രൈസ്തവ സമുദായത്തിൽനിന്ന് 644 പരാതികളും ലഭിച്ചു. ഉത്തർപ്രദേശിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് (3,484). ഡൽഹി (1,140), മഹാരാഷ്ട്ര (690), പഞ്ചാബ് (512), തെലുങ്കാന (392), മധ്യപ്രദേശ് (381), ഹരിയാന (324), ബിഹാർ (301) എന്നിങ്ങനെയാണു സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്. ലഭിച്ച എല്ലാ പരാതികളിലും എത്രയും വേഗം പരിഹാരം കണ്ടതായി മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി.