കാഠ്മണ്ഡു: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി നേപ്പാൾ. പ്രളയത്തിനിരയായ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും അടിയന്തര സഹായമെത്തിക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് സേനാംഗങ്ങൾ ദുരന്തമേഖലയിൽ പ്രവൃത്തിക്കുന്നത്. 6755 കരസേനാംഗങ്ങൾ, 4473 പോലീസുകാർ, 4203 ആംഡ് പോലീസ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 15431 സുരക്ഷാ ജീവനക്കാരാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്.
ഇതുവരെ 4500-ലേറെ ആളുകളെ ദുരന്തമേഖലകളിൽനിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിവിധ ഹൈഡ്രോ പവർ ടണലുകളിൽ കുടുങ്ങിപ്പോയ 191 തൊഴിലാളികളെ പ്രത്യേക സംഘം സാഹസികമായി രക്ഷപ്പെടുത്തി. സേനയുടെയും സ്വകാര്യ ഏജൻസികളുടെയും 16 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദുഞ്ചെ, ത്രിശൂലി, തിമുറെ, സ്യാബ്രുബെസി തുടങ്ങി ഒറ്റപ്പെട്ടുപോയ മേഖലകളിൽനിന്ന് 517 പേരെ വ്യോമമാർഗം സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. ഇതിനായി നൂറിലേറെ ഹെലികോപ്റ്റർ ദൗത്യങ്ങളാണു പൂർത്തിയാക്കിയത്.
തകർന്ന ഗതാഗത ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. രസുവയിൽനിന്ന് കാഠ്മണ്ഡുവിലേക്കുള്ള ബദൽ പാതകൾ ചെറിയ വാഹനങ്ങൾക്കായി തുറന്നുനൽകിയിട്ടുണ്ട്. കാഠ്മണ്ഡു-മുഗ്ലിംഗ് ഹൈവേ ഭാഗിക ഗതാഗതത്തിനായി സജ്ജമാക്കി. വഴികൾ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ബെയ്ലി പാലങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയോടും ചൈനയോടും നേപ്പാൾ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി. ദുരന്തമേഖലയിൽ പകർവ്യാധികൾ പടരാതിരിക്കാൻ ബീർ ഹോസ്പിറ്റൽ, നാഷണൽ ട്രോമ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചു. 5,000-ലേറെ ആളുകൾക്ക് ആവശ്യമായ അടിയന്തര മരുന്നുകളും കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും താത്കാലിക പാർപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രളയത്തിൽപ്പെട്ട വിദേശ പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും വിവരങ്ങൾ ശേഖരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര കൺട്രോൾ റൂം പൂർണസജ്ജമാണ്. ഇതുവരെ 130-ലേറെ വിദേശ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായും എംബസികളുമായി ചേർന്ന് ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.