ന്യൂഡൽഹി: കാൽനൂറ്റാണ്ടിലേറെയായി പോലീസിന്റെ കണ്ണ് വെട്ടിച്ചു ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. മധ്യപ്രദേശിൽ ഡോക്ടർ ചമഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന രേജിന്ദർ ബൈരാഗി (രേജിന്ദർ സിംഗ് യാദവ്, 53) ആണ് ഡൽഹി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഡോക്ടർ ജട്ക എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഹരിയാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. 1999ൽ വിലങ്ങണിഞ്ഞ നിലയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതുമുതൽ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി മാറിമാറി താമസിച്ചു വരുകയായിരുന്നു.
പിന്നീട് മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെത്തുകയായിരുന്നു. ഇവിടെ വ്യാജ വിലാസത്തിൽ ഡോക്ടർ ചമഞ്ഞ് കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പ്രതി. 1997-ൽ ഡൽഹി ജനക്പുരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വധശ്രമക്കേസുകളെക്കുറിച്ചുള്ള പുനരന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നത്. ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടാൻ ഡൽഹി പോലീസ് നടത്തുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്.