സമര്‍ഖന്ദ് (ഉസ്ബക്കിസ്ഥാന്): 46-ാമത് ചെസ് ഒളിമ്പ്യാഡ് പോരാട്ടങ്ങള്‍ക്കു ഇന്നു തുടക്കം കുറിക്കും. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ നടന്നു. ഇന്നു മുതല്‍ 27 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഓപ്പണ്‍ (പുരുഷ) വനിതാ വിഭാഗങ്ങളിലായാണ് ഒളിമ്പ്യാഡ് നടക്കുന്നത്. ഇരുവിഭാഗങ്ങളിലും ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്. ഇരട്ടസ്വര്‍ണം ഇത്തവണയും ആവര്‍ത്തിക്കാനാണ് ഇന്ത്യന്‍ സംഘത്തിന്റെ ശ്രമം.
ഓപ്പണ്‍ വിഭാഗത്തില്‍ 208ഉം വനിതാ വിഭാഗത്തില്‍ 191ഉം ടീമുകള്‍ പങ്കെടുക്കും. സ്വിസ് ഫോര്‍മാറ്റില്‍ ക്ലാസിക്കല്‍ ടൗം ഫോര്‍മാറ്റിലായി 11 റൗണ്ട് മത്സരങ്ങളാണ് ചെസ് ഒളിമ്പ്യാഡില്‍ നടക്കുന്നത്.
ഫിഡെ യുട്യൂബ് ചാനലില്‍ മത്സരങ്ങള്‍ തത്സമയം കാണാം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് ഓരോ റൗണ്ടും ആരംഭിക്കുക. 27നു നടക്കുന്ന 11-ാം റൗണ്ട് പോരാട്ടം രാവിലെ 11.30ന് ആരംഭിക്കും.
നിഹാല്‍ ടീമില്‍
മലയാളി താരം നിഹാല്‍ സരിന് ഇന്ത്യന്‍ ഓപ്പണ്‍ ടീമിലുണ്ട്. സൂപ്പര്‍ താരങ്ങളായ ഡി. ഗുകേഷ്, ആര്. പ്രഗ്നാനന്ദ, അര്ജുന് എറിഗയ്സി, വിദിത് ഗുജറാത്തി എന്നിവരാണ് ഓപ്പണ്‍ സെഷനിലെ മറ്റംഗങ്ങള്‍. ബോര്‍ഡ് ഒന്നില്‍ ആര്. പ്രഗ്നാനന്ദയാണ്. നിഹാല്‍ സരിന് മൂന്നാം ബോര്‍ഡിലും ഡി. ഗുകേഷ് നാലാം ബോര്‍ഡിലും.
വനിതാ വിഭാഗത്തില്‍ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ്, ആര്. വൈശാലി, വന്തിക അഗര്‍വാള്‍, ബി. സവിത ശ്രീ എന്നിവരാണുള്ളത്. കൊനേരു ഹംപിയാണ് ഒന്നാം ബോര്‍ഡില്‍ കളിക്കുക. ദിവ്യ രണ്ടിലും വൈശാലി മൂന്നിലും കളിക്കും.