അരീന: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ആദ്യ ദിനം വന്പൻ താരങ്ങൾക്ക് അനായാസ ജയം. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസും മൂന്നാം നന്പർ താരം അലക്സാണ്ടർ സ്വരേവും ജയിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ബലാറുസിന്റെ ലോക ഒന്നാം നന്പർ താരം അരീന സബലങ്കയ്ക്കും വിജയ തുടക്കം.
പുരുഷ സിംഗിൾസ്
ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ കാർലോസ് അൽകരാസ് ആദ്യ മത്സരത്തിൽ ജയം നേടി. വെല്ലുവിളി നേരിട്ട മത്സരത്തിൽ ആദം വാൾട്ടണ്നെയാണ് അൽകരാസ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നേടിയ അൽകരാസിന് രണ്ടാം സെറ്റിൽ ആദം വാൾട്ടണ്‍ ശക്തമായ വെല്ലുവിളിയുയർത്തി. എന്നാൽ മൂന്നാം സെറ്റ് അനായാസം നേടി അൽകരാസ് ജയമുറപ്പിച്ചു. സ്കോർ: 6-3, 7-6, 6-2.
മൂന്നാം നന്പർ താരം അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ഗബ്രിയേൽ ഡിയാല്ലോയെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്ടമായ സ്വരേവ് തുടർന്നുള്ള മൂന്ന് സെറ്റുകൾ അനായാസം നേടി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി. സ്കോർ: 6-7, 6-1, 6-4, 6-2.
പുരുഷ സിംഗിൾസിൽ കോറെന്റിൻ മൗട്ടെറ്റിന് ജയം. ട്രിസ്റ്റൻ സ്കൂൾകേറ്റിനെ 32-ാം സീഡായ മൗട്ടെറ്റ് 6-4, 7-6 (1), 6-3 സ്കോറിന് പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തിൽ 10-ാം സീഡ് അലക്സാണ്ടർ ബുബ്ലിക് 6-4, 6-4, 6-4 സ്കോറിന് ജൻസണ്‍ ബ്രൂക്സ്ബൈയെ പരാജയപ്പെടുത്തിയപ്പോൾ 26-ാം സീഡ് കാറോണ്‍ നോറി ബെഞ്ചമിൻ ബോൻസയെയും 29-ാം സീഡ് ഫ്രാൻസസ് ടിയാഫോ ജാസണ്‍ കുബ്ലെറിനെയും പരാജയപ്പെടുത്തി.
വനിതാ സിംഗിൾസ്
അരീന സബലങ്ക അനായാസ ജയത്തോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ സീസണിന് തുടക്കമിട്ടു. ഫ്രഞ്ച് വൈൽഡ്കാർഡ് ടിയാൻത്സോവ റകോടോമാംഗ രാജോണയെ 6-4, 6-1 സ്കോറിന് സബലങ്ക അനായാസം പരാജയപ്പെടുത്തി. നാല് വർഷത്തിനിടെ മൂന്നാം മെൽബണ്‍ കിരീടം ലക്ഷ്യമിടുന്ന സബലങ്കയുടെ അടുത്ത മത്സരത്തിലെ എതിരാളി റഷ്യയുടെ അനസ്താസിയ പാവ്ലിയുചെങ്കോവയെയോ ചൈനീസ് യോഗ്യതാ താരം ബായ് ഷുവോക്സുവാനെയോ ആണ്.
ജാസ്മിൻ പലോളിനിയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബലാറുസിന്റെ അലികാസാന്ദ്ര സസ്നോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം പരാജയപ്പെടുത്തിയാണ് ജാസ്മിൻ മുന്നേറിയത്. സ്കോർ: 6-1, 6-2.
മറ്റൊരു മത്സരത്തിൽ 28-ാം സീഡ് എമ്മ റാഡുകാനു 6-4, 6-1 സ്കോറിന് മനഞ്ജയ സാവംഗക്യൂവിനെ പരാജയപ്പെടുത്തി. ഷഓസ്യയാൻ ബായ്, അനസ്താസിയ പൊടപോവ, പൊളിന കുഡെർമെറ്റോവ എന്നിവരും വനിത സിംഗിൾസിൽ ജയം നേടി.
വീനസ് പൊരുതി വീണു
വൈൽ കാർഡ് ലഭിച്ചെത്തിയ വീനസ് വില്യംസ് ആദ്യ റൗണ്ടിൽ പൊരുതി തോറ്റു. 45-ാം വയസിൽ മെൽബൻ കോർട്ടിലിറങ്ങിയ വീനസ് ഒള്‍ഗ ഡാനിലോവിക്കിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് പരാജയം സമ്മതിച്ചത്. സ്കോർ: 7-6, 3-6, 4-6.