കലോറി കുറഞ്ഞ ഫലമാണ് ഓറഞ്ച്; കൊഴുപ്പു കുറഞ്ഞ പോഷകങ്ങളുടെ ഉറവിടവും. ഓറഞ്ചിൽ വിറ്റാമിൻ സിയും നാരുകളും ധാരാളം. നാരുകളടങ്ങിയ വിഭവങ്ങൾ കഴിച്ചയുടൻ വയറു നിറഞ്ഞതായി അനുഭവപ്പെടും. അതിനാൽ കൊഴുപ്പടങ്ങിയ മറ്റുവിഭവങ്ങൾ അളവിൽ കുറച്ചുകഴിച്ചാൽ മതി. മാത്രമല്ല അതിലുളള വിറ്റാമിൻ സി ശരീരത്തിലുളള ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റുന്നു. ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീങ്ങുന്നു.
യുവത്വം നിലനിർത്തുന്നു
ഓറഞ്ചിലെ ആന്റി ഓക്സിഡന്റുകൾ യുവത്വം നിലനിർത്തുന്നു. അതിലുളള വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും ചർമത്തിൽ അകാലത്തിൽ ചുളിവുകളുണ്ടാകുന്നതു തടയുന്നു. ശരീരത്തിന് ദിവസവും ആവശ്യമുളള വിറ്റാമിൻ സിയുടെ അഞ്ചിലൊന്ന് ഒരു കപ്പ് ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്നു.
ഓറഞ്ച് ഫ്ളവറുളള ജ്യൂസ് ശീലമാക്കിയാലും പോരേ?
അവയിൽ കൃത്രിമമധുരവും പ്രിസർവേറ്റീവുകളും ഏറെയാണ്. അവ ശീലമാക്കിയാൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. അത്തരം കൃത്രിമ ജ്യൂസ് ശീലമാക്കുന്നത് ആരോഗ്യകരമല്ല.
ആന്റി ഓക്സിഡന്റ്
ഓറഞ്ചിലുളള ആന്റി ഓക്സിഡൻറ് സംയുക്തങ്ങളായ ഹെസ് പെരിഡിൻ (hesperidin), നാരിംഗ്ജെനിൻ(naringenin) എന്നിവ കാൻസറിനിടയാക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു. കൂടാതെ സീസാന്തിൻ, കരോട്ടിനോയ്ഡു കൾ (Zeaxanthin, carotenoids) എന്നിവ വിവിധതരം കാൻസറുകൾ, പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. ഓറഞ്ചിലുളള ലിമോണോ യ്ഡ്സ് (limonoids) വായ, സ്തനം, ശ്വാസകോശം, ചർമം, ആമാശയം, കുടൽ എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.
കണ്ണുകൾക്കു കരുതൽ
ഓറഞ്ചിൽ ബീറ്റാ കരോട്ടിൻ ഇഷ്ടംപോലെ. മറ്റു കരോട്ടിനോയ്ഡുകളും ധാരാളം. ശരീരം ഇവയെ വിറ്റാമിൻ എ ആക്കി മാറ്റുന്നു. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രായമായവരുടെ കണ്ണുകൾക്കുണ്ടാകുന്ന മാകുലാർ ഡീജനറേഷൻ എന്ന രോഗാവസ്ഥയുടെ വ്യാപനം കുറയ്ക്കുന്നു.
സന്ധിവേദന കുറയ്ക്കാം
ഓറഞ്ച് ജ്യൂസിലുളള വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റ് സന്ധികളിലെ നീരും വേദനയും കുറയ്ക്കാൻ സഹായകം. ഓറഞ്ചിലുളള സീസാന്തിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ (zeaxanthin, beta-cryptoxanthin) എന്നീ പോഷകങ്ങളും റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ നിന്നു സംരക്ഷണം നല്കുന്നു.
വൃക്കകളുടെ ആരോഗ്യത്തിന്
ഓറഞ്ചിലുളള വിറ്റാമിൻ സി വൃക്കകളുടെ ആരോഗ്യത്തിനും ഗുണപ്രദം. ഓറഞ്ചിൽ സിട്രേറ്റ് ധാരാളം. ഓറഞ്ച് കഴിക്കുന്നവരിൽ മൂത്രത്തിലെ സിട്രേറ്റിന്റെ തോതു കൂടുന്നു. അത് മൂത്രത്തിലെ ആസിഡിനെ നിർവീര്യമാക്കുന്നു. അങ്ങനെ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുന്നതു തടയുന്നു.