തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദ്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തേ ശേഖരിച്ചിരുന്നു. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
164-ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് ഐഎഫ്എഫ്കെയുടെ സെലക്ഷന് സ്ക്രീനിംഗിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നൽകിയത്.
വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടല്‍മുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി.