ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി പാർട്ടികൾ. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പിഡിഎ തന്ത്രത്തെ (പിന്നോക്ക, ദളിത്, ന്യൂനപക്ഷ) പൊളിക്കാൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ എൻഡിഎ സഖ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇന്ത്യ മുന്നണിക്ക് നേടിക്കൊടുത്തത് അഖിലേഷിന്റെഈ തന്ത്രമായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജാതി രാഷ്ട്രീയത്തിലായിരിക്കും എസ്പി ഊന്നൽ നൽകുകയെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം കഴിഞ്ഞതവണത്തെ ആ തന്ത്രം ഇത്തവണ വിജയിക്കില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. 2024ൽ കുർമി സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകി ഒപ്പം നിർത്തിയത് എസ്പിക്ക് നേട്ടമായിരുന്നു.
കൂടാതെ പാസി വിഭാഗത്തിന്റെ വോട്ടുകളും എസ്പി-കോൺഗ്രസ് സഖ്യത്തിന് ലഭിച്ചു. ബിജെപി സംവരണം എടുത്തുുകളയുമെന്ന പ്രതിപക്ഷ പ്രചാരണവും എസ്സി വോട്ടർമാരെ ഭരണകക്ഷിയിൽ നിന്ന് അകറ്റിയിരുന്നു. ഇത് മറികടക്കാനാണ് ബിജെപി ഇപ്പോൾ പുതിയ തന്ത്രങ്ങൾ മെനയുന്നത്.
കുർമി സമുദായാംഗമായ പങ്കജ് ചൗധരിയെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതും യാദവേതര ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖറും തമ്മിലുള്ള സഖ്യസാധ്യതകളെയും പാർട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ സഖ്യം യാഥാർത്ഥ്യമായാൽ അത് തെരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റും.
അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് തുകയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ ഒടുവിൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ബിജെപി വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും യുപി സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ ആറ് മേഖലകളിലും സന്ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനവ്യാപകമായി പര്യടനം ആരംഭിച്ചുകഴിഞ്ഞു.