ആലപ്പുഴ: കൊയ്ത്ത് കഴിഞ്ഞിട്ട് ഏഴു ദിവസമായിട്ടും നെല്ലെടുക്കാത്ത നെഹ്റുട്രോഫി വാര്‍ഡിലെ തയ്യില്‍ കായല്‍ പാടശേഖരത്തിലെ നെല്ല് ഇന്നുമുതല്‍ എടുത്തുതുടങ്ങും. കിഴിവു തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യമില്ലുകാര്‍ നെല്ലെടുക്കാന്‍ വിസമ്മതിച്ച പാടശേഖരത്തില്‍ വീണ്ടും ഗുണനിലവാര പരിശോധന നടത്താനെത്തിയ പാഡി മാര്‍ക്കറ്റിംഗ് ഓഫീസറടക്കമുള്ള ഒമ്പതംഗ സംഘത്തെ ഇന്നലെ കര്‍ഷകര്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി.
ഇവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിലവില്‍ നെല്ലെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മില്ലുകാരെ മാറ്റി, പകരം സൂര്യ മില്ലിന് നെല്ലെടുക്കാനുള്ള അനുമതി നല്കി. ഇവര്‍ ക്വിന്റലിന് അഞ്ചു കിലോ കിഴിവില്‍ ഇന്നുമുതല്‍ നെല്ലെടുത്തു തുടങ്ങും.
പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുപോലും നേരത്തെ ചുമതലപ്പെടുത്തിയിരുന്ന മില്ലുടമ നെല്ലുസംഭരിക്കാന്‍ തയാറായില്ല. ഇത്തരത്തിലുള്ള മില്ലുകാരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. മങ്കൊമ്പിലെ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍നിന്നാണ് പാടശേഖരങ്ങളില്‍നിന്നു നെല്ലെടുക്കാനുള്ള അവകാശം മില്ലുകാര്‍ക്കു നല്‍കുന്നത്.
ഇവിടെ രണ്ടു മില്ലുകാരെയാണ് നെല്ലടുക്കാന് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതു രണ്ടും ഒരേയാളുടെ ഉടമസ്ഥതയിലുള്ള മില്ലാണെന്നും വ്യത്യസ്ത മില്ലുകള്‍ക്കാണ് സംഭരണ അവകാശം നല്കിയിരുന്നതെങ്കില് ഏതെങ്കിലുമൊരു മില്ല് നെല്ലെടുത്തേനെയെന്നും തൈയില്‍ കായല്‍ പാടശേഖരസമിതി പ്രസിഡന്റ് വിമല്‍ റോയ് പറഞ്ഞു.
നിലവില്‍ ഒരു ക്വിന്റല്‍ നെല്ലിന് എട്ടു മുതല്‍ പത്തു വരെ കിലോ കിഴിവാണ് മില്ലുകാര്‍ ചോദിച്ചത്. ഇങ്ങനെ നെല്ലു നല്കിയാല് കൃഷി വന്‍ നഷ്ടമാകും.
എന്നാല്‍, തൊട്ടടുത്ത പാടശേഖരത്തില്‍ പരമാവധി മൂന്നു കിലോ കിഴിവിനാണ് മറ്റു മില്ലുകാര്‍ നെല്ലെടുത്തത്. തങ്ങളുടെ പാടശേഖരത്തില്‍ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ നിന്നു നടത്തിയ ഗുണനിലവാര പരിശോധനയില്‍ മൂന്നു കിലോ നെല്ലാണ് കിഴിവ് നല്കാന് പറഞ്ഞതെന്ന് കർഷകർ പറയുന്നു.
എന്നാല്‍, പാടശേഖരത്തില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ആറര കിലോ കിഴിവു നല്‍കണമെന്നാണ് കണ്ടെത്തിയതെന്ന് മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹാജിറ പറഞ്ഞു. മോം നെലലെടുത്താണ് പരിശോധന നടത്തിയത്. അതിനാലാണ് ഒന്നുകൂടി പരിശോധന നടത്തി നെല്ലെടുക്കാനുള്ള ക്രമീകരണം ഏര്പ്പെടുത്താനെത്തിയതെന്നും അവര്‍ പറഞ്ഞു.
നഷ്ടം ചെറുകിട
കര്‍ഷകര്‍ക്ക്
ആലപ്പുഴ നെഹ്റുട്രോഫി വാര്‍ഡില്‍പ്പെടുന്ന തയ്യില്‍ കായല്പാടശേഖരത്തില് 183 ഏക്കറിലാണ് കൃഷി. ഒന്നും രണ്ടും ഏക്കര്‍ വീതമുള്ള 120 കര്‍ഷകരാണ് പാടശേഖരസമിതിക്കു കീഴില്‍ കൃഷി നടത്തുന്നത്. കാലവസ്ഥാ വ്യതിയാനം മൂലം നെല്ല് ചൊട്ടിയെന്ന കാരണം പറഞ്ഞാണ് മില്ലുകാര്‍ കിഴിവ് കൂടുതല്‍ ചോദിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
ഡിസംബര്‍ 28ന് കൊയ്ത നെല്ലാണ് എടുക്കാനാളില്ലാതെ പാടവരമ്പത്ത് കിടന്നത്. കൊയ്ത്തു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനുള്ളില്‍ നെല്ലെടുക്കണമെന്നാണ് നിയമം. 100 ക്വിന്റല്‍ നെല്ലാണ് ഒരു ലോഡായി കണക്കാക്കുന്നത്. ഇത്തരം 40 ലോഡ് നെല്ലാണ് കയറിപ്പോകാതെ പാടവരമ്പത്ത് ടര്പ്പോള വിരിച്ച് അതില്‍ കൂട്ടിയിട്ടിരുന്നത്.