തിരുവനന്തപുരം: നവരാത്രി പൂജയോടനുബന്ധിച്ച് പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയ്ക്ക് തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള ചരിത്രപ്രസിദ്ധമായ ഉടവാൾ കൈമാറ്റച്ചടങ്ങ് പത്മനാഭപുരം കൊട്ടാരത്തിൽ നടന്നു. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ കൊട്ടാരം ഓഫീസർ കെ.പി.സധുവിൽ നിന്ന് മന്ത്രി കെ. മുരളീധരൻ ഏറ്റുവാങ്ങി.
തുടർന്ന് തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റുവാങ്ങി. ആചാരപ്രകാരം പിന്നീട് ദേവസ്വം മാനേജർ മോഹനന് കൈമാറി. ചടങ്ങിൽ എംഎൽഎമാരായ എം.ആർ. ബൈജു, സി.കെ. ഹരീന്ദ്രൻ, എം. വിൻസന്റ്, പത്മനാഭപുരം എംഎൽഎ ആർ. ചെല്ലസ്വാമി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരള, തമിഴ്നാട് സായുധ പൊലിസിന്റെ ഗാർഡ് ഓഫ് ഓണറിനുശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാത്രിയോടെ വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തും. അവിടെ വിഗ്രഹങ്ങൾ ഇറക്കിവെച്ച് പൂജകൾ നടത്തും. തുടർന്ന് ആചാരപരമായ ചടങ്ങുകളോടെ ഘോഷയാത്ര തുടരും.