കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് പഞ്ചായത്ത് പരിധിയിലെ ആണ്‍കുട്ടിക്ക് നേരേ ക്രൂരമായ ശാരീരിക പീഡനം നടന്നതായി ആക്ഷേപം. ചൈല്ഡ്ലൈന് വിവരം അറിയിച്ചതു പ്രകാരം കൊടുവള്ളി പൊലീസ് കുട്ടിയില്‍ നിന്നും രക്ഷിതാവില്‍ നിന്നും മൊഴിയെടുത്തു.
പരാതിയില്ലെന്നാണ് കുട്ടിയും രക്ഷിതാവും അറിയിച്ചതെന്നുംഅതിനാല് കേസെടുത്തിട്ടില്ലെന്നും കൊടുവള്ളി പൊലിസ് അറിയിച്ചു. വനിതാ പൊലിസിന്റെ സാന്നിധ്യത്തിലാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കുട്ടിയുടെ മൊഴിയും പൊലിസ് റിപ്പോര്‍ട്ടും കൊടുവളളി പൊലിസ് ചൈല്‍ഡ് ലൈന്‍ കൈമാറി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.
മോഷണം ആരോപിച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ചൈല്ഡ്ലൈന് പൊലിസിനെ അറിയിച്ചത്. കുട്ടിയെ രണ്ട് ദിവസത്തോളം വീട്ടിനുള്ളിലെ ഒരു മുറിയില്‍ അടച്ചിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവത്രെ. വായില്‍ തുണി തിരുകുകയും കൈകാലുകള്‍ കെട്ടിയിടുകയും ചെയ്ത ശേഷം അതിക്രൂരമായി മര്‍ദിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതെ പട്ടിണിക്കിടുകയും ചെയ്തിരുന്നു.
കുട്ടിയുടെ ശരീരരത്തില്‍ മുറിവുകളുടെ പാടുകളുണ്ട്. സ്വഭാവദൂഷ്യത്തിനാണ് രക്ഷിതാവ് കുട്ടിയെ അടിച്ചതെന്നും നിലവിലുള്ള നിയമംപ്രകാരം രക്ഷിതാവ് അടിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും കൊടുവള്ളി പൊലിസ് പറഞ്ഞു.