തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തർക്കം തുടരുന്നു. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതി പിൻവലിക്കാത്തതിൽ എതിർവിഭാഗം കടുത്ത അതൃപ്തിയിലാണ്. ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ പിൻവലിക്കണമെന്ന പാർട്ടി നിർദേശം രമ്യ ഹരിദാസ് പാലിച്ചില്ലെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം.
വിഷയം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് എതിർവിഭാഗത്തിന്റെ നീക്കം. കൈയാങ്കളിക്കു പിന്നാലെ ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ പിൻവലിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വം നിർദേശിച്ചിരുന്നത്. എന്നാൽ തന്നെ ആക്രമിച്ചെന്ന പരാതിയിൽ രമ്യ ഹരിദാസ് നിലപാട് മാറ്റിയില്ലെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്.
എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. കൈയാങ്കളിക്കു പിന്നാലെ കോൺഗ്രസിനുള്ളിലെ തർക്കം കൂടുതൽ രൂക്ഷമായിരുന്നു. പ്രാദേശിക തലത്തിൽ തന്നെ രമ്യ ഹരിദാസിനെതിരെ നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിരുന്നു.