പത്തനംതിട്ട: പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. പാർട്ടി രാഹുലിനെ പുറത്താക്കിയെങ്കിലും രാഹുൽ പാർട്ടി വിട്ടുപോയിട്ടില്ലെന്ന് ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ രാഹുലിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പരാമർശം.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ആരെയും മർദിക്കാൻ രാഹുൽ പോയിട്ടില്ല. രാഹുൽ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം പാർട്ടി വിട്ടുപോയിട്ടില്ലെന്നും ശിവദാസൻ കൂട്ടിച്ചേർത്തു. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉത്തരവാദിത്തപ്പെട്ട ആൾ എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ മർദിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ശിവദാസൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് അടൂരിൽ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് സംഘം മർദിച്ചെന്നാണ് പരാതി.