പട്ടിക്കാട്: പീച്ചിയിൽ ഭൂമിക്കടിയിൽനിന്നുള്ള ഉഗ്രശബ്ദവും പ്രകന്പനവും വീണ്ടുമുണ്ടായതോടെ മേഖലയിൽ ഭൂവിജ്ഞാന വകുപ്പിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും അടിയന്തര പരിശോധന വേണമെന്ന് നാട്ടുകാർ. റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താത്ത ചെറിയ പ്രകന്പനമാണെന്ന് ലഘൂകരിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 8.45നും ഒന്പതിനും ഇടയിലാണ് ഭൂമിക്കടിയിൽനിന്ന് ശക്തമായ മുഴക്കം വീണ്ടും ഉണ്ടായത്. വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി പ്രദേശങ്ങളിലാണ് ശബ്ദം കേട്ടത്. വലിയ ഇടിമുഴക്കം പോലെയും ട്രക്ക് പോകുന്നതുപോലെയുമുള്ള ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചില വീടുകളിൽ ഫാനുകളും ജനലുകളും കുലുങ്ങിയതായും പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പ്രകന്പനത്തിൽ പീച്ചി മേഖലയിലെ പതിമൂന്നു വീടുകൾക്ക് വിള്ളലുണ്ടായി. പ്രകന്പനവും ഭൂചലനവും തുടർച്ചയായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വലിയ ഭൂകന്പമുണ്ടാകുമെന്ന ആശങ്കയിൽ ഉറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി എന്തു സംഭവിക്കുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷമാണ് പ്രകന്പനവും വലിയ ശബ്ദവുമുണ്ടായത്. ഡാമിനു സമീപം പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം എന്നിവിടങ്ങളിലുണ്ടായ പ്രകന്പനത്തിൽ വീടുകൾക്ക് വിള്ളലുകളുണ്ടായി. പള്ളിക്കുന്നിൽ പത്തു വീടുകൾക്കും ജണ്ടമുക്കിൽ ഒരു വീടിനും, മനയ്ക്കപ്പാടത്തെ രണ്ടു വീടുകൾക്കും വിള്ളലുകളുണ്ടായി. പള്ളിക്കുന്ന് മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറന്പിൽ സൈമണ്, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി എന്നിവരുടെ വീടുകളിലാണ് വിള്ളലുകൾ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. തുടർന്ന് ജണ്ടമുക്ക് തെക്കേക്കര വീട്ടിൽ ജിനേഷിന്റെ വീട്ടിലെ കുഴൽക്കിണറിൽ ചെളിവെള്ളം നിറഞ്ഞതായും നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും പല തവണ ചെറുചലനങ്ങളും മുഴക്കവും അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ടു പ്രകന്പനങ്ങളുണ്ടായതും ഓരോ വർഷവും ഭൂചലനങ്ങൾ ഉണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.