ചിറയിൻകീഴ്: വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം ചെ യ്തു കബളിപ്പിച്ചതായി പരാതി. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ചിറ്റായിക്കോണത്ത് സുകു-ധന്യ ദമ്പതികളാണ് പൊലിസിൽ പരാതി നൽകിയത്. കോൺഗ്രസ് പ്രവർത്തകരാണ് കുടുംബത്തിനു വീട് നിർമിച്ചു നൽകാമെന്ന വാഗ്ദാനവുമായെത്തിയത്. 2024 ഓഗസ്റ്റിൽ അടൂർ പ്രകാശ് എംപി ശിലാസ്ഥാപനം നടത്തുകയും ചെയ്തു. പ്രാദേശിക നേതാക്കളെല്ലാം പങ്കെടുത്തു.
ആറുമാസത്തിനുള്ളിൽ നിർമിച്ചു നൽകുമെന്നു പറഞ്ഞിരുന്ന വീട് ഒന്നരവർഷം കഴിഞ്ഞിട്ടും നിർമിച്ചു തുടങ്ങിയിട്ടില്ല. സുകുവും കുടുംബവും നിലവിൽ വാടകവീട്ടിലാണ് കഴിയുന്നത്. കാൻസർ ബാധിതയായ ഭാര്യയും ശ്വാസതടസം നേരിടുന്ന മകനും ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെടുന്നതാണ് സുകുവിന്റെ കുടുംബം. നിത്യവൃത്തിക്ക് വരുമാനം കണ്ടെത്താനാകാതെ പ്രതിസന്ധി നേരിടുന്ന കുടുംബത്തിനു വാടക അധിക ബാധ്യത വരുത്തി യെന്നും പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.