ഒറ്റപ്പാലം: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് പതിനൊന്നുവയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം. പന്നിപ്പടക്കമുണ്ടാക്കുന്നവരായി സംശയിക്കുന്ന ചിലരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ണൂർ, മങ്കര മേഖലകളിൽ ചിലരെ പോലീസ് ചോദ്യംചെയ്തു.
ചില കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തു. വരോട് വീട്ടാമ്പാറയിലാണ് പന്നിപ്പടക്കം പൊട്ടിത്തെറിച്ചു പതിനൊന്നു വയസുകാരനു ഗുരുതരമായി പരിക്കേറ്റത്. പോലീസും സയന്റിഫിക് വിദഗ്ധരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സ്ഫോടനത്തിൽ വലതു കാലിനു ഗുരുതരമായി പരിക്കേറ്റ വീട്ടാമ്പാറ ചുങ്കത്ത് വീട്ടിൽ ശ്രീഹർഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. വീട്ടാമ്പാറ റോഡിൽ മാലിന്യം തള്ളുന്ന ഭാഗത്തിനടുത്തായിരുന്നു സ്ഫോടനം.
ഈ ഭാഗത്തു കാട്ടുപന്നികൾ വരാനുള്ള സാധ്യത കണക്കിലെടുത്തു ആരെങ്കിലും പന്നിപ്പടക്കം വച്ചതാകാമെന്നാണു സംശയം. അമ്പലപ്പാറ, ചുനങ്ങാട്, പുലാപ്പറ്റശ്ശേരി, മണ്ണൂർ മേഖലകളിൽ പന്നിപ്പടക്കംവച്ച് കാട്ടുപന്നികളെ പിടിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം വ്യാപകമായുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.