തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പരിഹസിച്ച് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ തച്ചങ്കരി കഴിയുന്ന ആശുപത്രി ബ്ലോക്ക് താൻ ജയിൽ ഡിജിപി ആയിരുന്ന കാലത്ത് താൻ മെച്ചപ്പെടുത്തിയതാണ്.
ഇപ്പോൾ അത് ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷമുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സെൻട്രൽ ജയിലിൽ ഞാൻ ഒരുക്കിയ സൗകര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ സന്തോഷം എന്നായിരുന്നു ശ്രീലേഖയുടെ കുറിപ്പ്. മറ്റ് സെല്ലുകളെ അപേക്ഷിച്ച് ആശുപത്രി ബ്ലോക്ക് കൂടുതൽ വൃത്തിയുള്ളതാണെന്നും അവർ ചൂണ്ടിക്കാട്ടി.
നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പ്രത്യേകമായി താമസിക്കാനുള്ള സൗകര്യം, ചുറ്റുമുള്ള മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ താൻ ജയിൽ ഡിജിപി ആയിരുന്ന കാലത്ത് മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ കുറിച്ചു.
സർവീസിലിരിക്കെ ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ആർ. ശ്രീലേഖ. തച്ചങ്കരി തന്നെ ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും എന്നാൽ എത്ര ഉപദ്രവിച്ചാലും അദ്ദേഹത്തോട് സഹോദരതുല്യമായ സ്നേഹമാണെന്നും ശ്രീലേഖ നേരത്തെ പറഞ്ഞിരുന്നു. സർവീസിൽനിന്ന് വിരമിച്ച ശേഷം തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറാണ് ആർ.ശ്രീലേഖ.