രാജാക്കാട്: പൂപ്പാറയിൽ വീട്ടിനുള്ളിൽ പട്ടാപ്പകൽ കവർച്ച. വീട്ടമ്മ കുളിക്കാൻ കയറിയ തക്കം നോക്കി വീടിനുള്ളിൽ കടന്ന മോഷ്ടാവ് 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. പൂപ്പാറ തോമ്പ്രക്കുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങിവന്ന വീട്ടമ്മയുടെ മുന്നിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. ജോഷിയും മറ്റു കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവർച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബശ്രീ സംഘത്തിൽനിന്നു വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം സ്വർണാഭരണങ്ങളുമാണ് കവർന്നത്. വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.