നാഗോയ: ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നഗോയ നഗരത്തിൽ ഏഷ്യൻ ഗെയിംസിന് ഔദ്യോഗികമായി ഇന്ന് തുടക്കമാകാനിരിക്കെ കടുത്ത ഭീഷണിയുയർത്തി ‘ദുജുവാൻ’ ചുഴലിക്കാറ്റും സംഘാടനത്തിലെ ഗുരുതര വീഴ്ചകളും.
ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പെയ്ത കനത്ത മഴയിൽ നാഗോയയിലെ പ്രധാന മത്സരവേദികളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചില മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
മരിയാന ദ്വീപുകൾക്കു സമീപം രൂപംകൊണ്ട ‘ദുജുവാൻ’ (നമ്പർ 25) ഉഷ്ണമേഖലാ ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ മധ്യ പസഫിക് തീരത്തേക്ക് എത്തിയേക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിലുള്ള കായികതാരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ താരങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുമെന്ന് ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റും നാഗോയ മേയറുമായ ഇച്ചിറോ ഹിരോസാവ അറിയിച്ചു.
ദുരിതത്തിൽ കായികതാരങ്ങൾ
ചെലവുചുരുക്കലിന്റെ ഭാഗമായി പ്രത്യേക ഗെയിംസ് വില്ലേജ് ഒഴിവാക്കിയതാണ് നിലവിലെ പ്രതിസന്ധികൾക്കു പ്രധാന കാരണം. 15,000 പേരെ പ്രതീക്ഷിച്ചിടത്ത് 17,000ത്തിലധികം ആളുകൾ എത്തിയതോടെ താരങ്ങളെ ഹോട്ടലുകളിലും താത്കാലിക ഷിപ്പിംഗ് കണ്ടെയ്നറുകളിലുമായാണ് താമസിപ്പിച്ചിരിക്കുന്നത്.
നഗോയ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ‘കോസ്റ്റ സെറീന’എന്ന ഇറ്റാലിയൻ ആഡംബര കപ്പലിലാണ് 4,000ത്തോളം താരങ്ങൾ കഴിയുന്നത്. കടൽക്ഷോഭം രൂക്ഷമായാൽ കപ്പൽ ഉൾക്കടലിലേക്കു മാറ്റേണ്ടിവരുന്നത് യാത്രകളെ ബാധിക്കും. മുറികൾ ലഭിക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്നതായി ഇന്ത്യൻ ടീം പരാതിപ്പെട്ടു.
ചോർച്ചയുള്ള ഇടുങ്ങിയ മുറികളും ചെറിയ കട്ടിലുകളും നൽകിയതിനെതിരേ ദക്ഷിണ കൊറിയൻ, ഫിലിപ്പീൻസ് ടീമുകൾ രംഗത്തെത്തി. ആൺ-പെൺ താരങ്ങൾക്ക് ഒരേ മുറി പങ്കിടേണ്ടിവന്നതും ഐഡി കാർഡ് വിതരണം വൈകിയതും വലിയ വിമർശനത്തിനിടയാക്കി.
മുപ്പതോളം ഇന്ത്യൻ അത്ലറ്റുകളുടെ പേരുകൾ അവസാനനിമിഷം ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് സ്വന്തം നിലയ്ക്കാണ് ഇന്ത്യൻ അധികൃതർ ഹോട്ടലുകൾ ബുക്ക് ചെയ്തത്.
വൻതുക ചെലവിട്ടുണ്ടാക്കുന്ന ഗെയിംസ് ഗ്രാമങ്ങൾ മത്സരങ്ങൾക്കുശേഷം ഉപയോഗശൂന്യമായി കിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പറയുന്നത്. എങ്കിലും, വരും ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയും അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകളും ഗെയിംസിന്റെ സുഗമമായ നടത്തിപ്പിന് വലിയ വെല്ലുവിളിയാകും.