ഹൈദരാബാദ്: പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഹൈദരാബാദിൽ ഇറക്കി. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിലെ ലഗേജ് കമ്പാർട്ട്മെന്റിലാണ് തീപിടിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തീ പടർന്നതോടെ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ യാത്രക്കാർ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
തുടർന്ന് കാബിൻ ക്രൂ അംഗങ്ങൾ ഫയർ എക്സ്റ്റിൻഗ്വിഷറുകൾ ഉപയോഗിച്ച് തീ പൂർണമായും അണച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടത്.