തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി പവര്‍കട്ട് അലര്‍ട്ട് സംവിധാനം നിലവില്‍വരുമെന്നു വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
വൈകുന്നേരം 6.30 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിനോട് അടുത്ത വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ചൂട് കൂടുമ്പോൾ ഉപയോഗം കൂടുന്നു. മഴ കുറയുന്പോൾ ഉത്പാദനം കുറയുന്നു.
ഉത്തരേന്ത്യയിൽനിന്നും വൈദ്യുതി ലഭിക്കുന്നില്ല. കൽക്കരി ക്ഷാമവും കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നു. പകൽ വൈദ്യുതി നല്കാൻ കമ്പനികളുണ്ട്. രാത്രിയിലാണ് നമുക്ക് ആവശ്യം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ ചെറിയ തോതിലുണ്ടായ വര്‍ധന ആശ്വാസകരമാണ്. മഴ ലഭിക്കാനുള്ള സാധ്യതയുമള്ളതിനാല് അതെല്ലാം ആശ്വാസകരമാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബിയെന്നും അദ്ദേഹംപറഞ്ഞു.