ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള 37-ാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഓയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ഈ മാസം 13 മുതൽ 17 വരെയാണ് സംഗമം നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടുകൂടിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
13ന് രാത്രി ഏഴിന് ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗങ്ങൾ നടത്തും.
ചർച്ചകൾ, യോഗ, കലാസന്ധ്യകൾ, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ച് ദിനങ്ങളിലായി അരങ്ങേറുന്നത്.
ജെമ്മ ഗോപുരത്തിങ്കൽ, അപ്പച്ചൻ ചന്ദ്രത്തിൽ, സണ്ണി വേലൂക്കാരൻ, എൽസി വേലൂക്കാരൻ, ബൈജു പോൾ, എബ്രഹാം നടുവിലേഴത്ത്, മേരി ക്രീഗർ, സിറിയക് ചെറുകാട് (വിയന്ന) എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.
കഴിഞ്ഞ 36 വർഷമായി വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പ്രവാസി സംഗമം ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയാണ്.