ന്യൂഡൽഹി: സാമ്പത്തികവളർച്ചയുടെ പശ്ചാത്തലത്തിൽ, സ്വയംപര്യാപ്തതയും സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദത്തിനായുള്ള വിദേശയാത്രകൾ ഒഴിവാക്കണമെന്നും വിദേശത്തു പോയി വിവാഹം ചെയ്യുന്നതും അനാവശ്യമായി സ്വർണം വാങ്ങുന്നതും ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ എത്തിയപ്പോഴാണ് വീഡിയോ സന്ദേശത്തിലൂടെ മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ 7.8 ശതമാനം സാമ്പത്തികവളർച്ച കൈവരിച്ചതിൽ രാജ്യത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച ഈ നേട്ടം നിലനിർത്തേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു."വിനോദത്തിനുവേണ്ടിയുള്ള വിദേശയാത്രകൾ, വിദേശത്തുവച്ചുള്ള വിവാഹങ്ങൾ, അനാവശ്യമായ സ്വർണം വാങ്ങൽ എന്നിവ ജനങ്ങൾ ഒഴിവാക്കണം. സ്വദേശി പ്രസ്ഥാനത്തിനും സ്വയംപര്യാപ്തതയ്ക്കും നമ്മൾ എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം വേഗത്തിൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ യുവതലമുറയ്ക്ക് വികസിത ഇന്ത്യയെ കാഴ്ചവയ്ക്കാൻ സാധിക്കും'-പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധങ്ങളും വിതരണശൃംഖലയിലെ തടസങ്ങളും വകവയ്ക്കാതെയാണ് ഇന്ത്യ വളരുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ചില ആളുകൾ രാജ്യത്തു നിരാശയുടെ അന്തരീക്ഷം സൃഷ്ടിക്കാനും നുണകൾ പ്രചരിപ്പിക്കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.