കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനു കാരണം കാണിച്ചില്ല എന്നതുകൊണ്ടു മാത്രം കുടുംബക്കോടതിക്ക് വിവാഹമോചനം നിഷേധിക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ദാമ്പത്യസ്നേഹവും ജീവന്റെ സംരക്ഷണവുമെന്ന വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകർക്കുന്ന ഇത്തരം വിധികൾ വഴി സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം എന്ന സംവിധാനംതന്നെ ഇല്ലാതാക്കാൻ ഇടയാക്കും.
ഉത്തരവാദിത്വബോധത്തോടെയും പരസ്പരസമ്മതത്തോടെയും വിവാഹബന്ധത്തിലേക്ക് കടന്നുവരുന്ന ദമ്പതിമാർ ഉത്തരവാദിത്വത്തിൽനിന്നു പിൻവാങ്ങുമ്പോൾ കാരണങ്ങൾ ബോധിപ്പിക്കേണ്ടതില്ലെന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? ഉരുവാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും അവകാശങ്ങളുണ്ട്.
ഉദരത്തിലായിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ആരു വാദിക്കുമെന്ന ചോദ്യത്തിന്റെ പ്രസക്തിയും ഹൈക്കോടതി വിലയിരുത്തേണ്ടതുണ്ട്.
സമൂഹത്തിലെ പാരമ്പര്യസംവിധാനങ്ങളെ തകർക്കുകവഴി സമൂഹത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുകയും മനുഷ്യവംശത്തിന്റെ നാശത്തിനു വഴിവയ്ക്കുകയും ചെയ്യുമെന്നും സമിതി അഭിപ്രായപ്പെട്ടു.
ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരെപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.