കൊച്ചി: അയല്ക്കൂട്ടാംഗങ്ങളെ സാമ്പത്തികമായി ശക്തീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ സംരംഭ മേഖലയെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുകയും വിപുലീകരിക്കുകയും സുസ്ഥിരത നേടിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ പുനര്‍ജ്വാല കാന്പയിന്.
നിലവില്‍ കാര്‍ഷികേതര മേഖലയില്‍ മാത്രം രണ്ടു ലക്ഷത്തിലധികം സൂക്ഷ്മ സംരംഭങ്ങളിലൂടെ നാലു ലക്ഷത്തിലധികം അയല്ക്കൂട്ടാംഗങ്ങളാണു വരുമാനം നേടിവരുന്നത്. ഇതില്‍ 58,212 സംരംഭങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് എന്റർപ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്വിഇപി) ഭാഗമായി രൂപീകരിച്ചതാണ്. ഓരോ സിഡിഎസിലും ഒന്നു വീതം മൈക്രോ എന്റർപ്രൈസസ് കണ്‍സള്‍ട്ടന്റുമാരുണ്ട്. വിവിധ വായ്പകള്‍ ഉള്‍പ്പെടെയുള്ള ധനസഹായവും നല്കുന്നു. ഈ സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ഫലപ്രദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.
മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാർ മുഖേന സൂക്ഷ്മ സംരംഭ സര്‍വേയും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളുമാണ് കാമ്പയിന്റെ ആദ്യപടി. കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തനാവസ്ഥ, വരുമാനം, വിപണനരീതി, സാമ്പത്തിക സുസ്ഥിരത, തൊഴില്‍ സൃഷ്ടി, വളര്‍ച്ചാ സാധ്യത, പ്രധാന വെല്ലുവിളികള്‍ എന്നിവ ശാസ്ത്രീയമായി വിലയിരുത്തി തരംതിരിക്കുന്ന പ്രവര്‍ത്തനമാണു സര്‍വേയിലൂടെ നടത്തുക.
കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ ഓരോ ബ്ലോക്കിനും വിശദമായ സൂക്ഷ്മ സംരംഭ വികസന പ്രവര്‍ത്തന പദ്ധതി തയാറാക്കും. പ്രവര്‍ത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങള്‍ക്ക് ബിസിനസ് കൗണ്‍സലിംഗ്, ഹാന്‍ഡ്ഹോള്‍ഡ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും. വളര്‍ച്ചാസാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍, സേവന വ്യാപനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് വികസനം, പുതിയ വിപണന സാധ്യതകള്‍ എന്നീ മേഖലകളിലും പിന്തുണ നല്‍കും.
ന്യൂട്രിമിക്സ്, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിന് യൂണിറ്റുകള്‍, സാന്ത്വനം യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഐടി യൂണിറ്റുകള്‍, അപ്പാരല്‍ ക്ലസ്റ്ററുകള്‍, ഇ-സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയ കുടുംബശ്രീയുടെ മുന്‍നിര സംരംഭങ്ങളുടെ പ്രവര്‍ത്തന ഗുണമേന്മയും സുസ്ഥിരതയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുന്നതിന് പ്രഫഷണല്‍ ഏജന്‍സികളുടെ പിന്തുണയും ഉറപ്പാക്കും. ജൂലൈ 20നകം വിവരശേഖരണ പ്രവര്‍ത്തനങ്ങളും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും പൂര്‍ത്തിയാക്കും.