ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു.
33 പന്തിൽ 75 റൺസ് നേടിയ തിലക് വര്‍മ്മയാണ് മുംബൈയുടെ വിജയശില്‍പ്പി. റിയാൻ റിക്കിൽട്ടൺ (48) രോഹിത് ശർമ (25) ഷെർഫെയ്ൻ റുഥർഫോഡ് (20) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. സ്കോർ: പഞ്ചാബ് 200/8 മുബൈ 205/4 (19.5).
അവസാന മൂന്നോവറില്‍ 50 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സേവിയര്‍ ബാർട്ലെറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ വില്‍ ജാക്സ് സിക്സ് പറത്തിയപ്പോള്‍ നാലും അഞ്ചും പന്തുകള്‍ സിക്സർ പറത്തി തിലക് മുംബൈയെ ജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. മധ്യനിരയിൽ ആരും തിളങ്ങാത്തതാണ് അവർക്ക് തിരിച്ചടിയായത്. അവസാന ഓവറുകൾ മുംബൈ ബൗളർമാർ വാരിക്കോരി റൺസ് വഴങ്ങിയതോടെയാണ് ടീം സ്കോർ 200ൽ എത്തിയത്.
32 പന്തില്‍ 57 റണ്‍സെടുത്ത പ്രഭ്സിമ്രാന് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. ആദ്യ ആറ് മത്സരങ്ങള്‍ ജയിച്ചശേഷം പഞ്ചാബ് തുടര്‍ച്ചയായി വഴങ്ങുന്ന അഞ്ചാം തോല്‍വിയാണിത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് തന്നെയാണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.
പ്ലേ ഓഫ് കാണാതെ മുംബൈ നേരത്തെ തന്നെ പുറത്തായിരുന്നു. 12 കളികളില്‍ നിന്ന് എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് മുംബൈ.