രാമപുരം: പാലാ-രാമപുരം റോഡില്‍ വെള്ളിലാപ്പിള്ളിക്ക് സമീപമുള്ള പുതുവേലി പാലത്തിന്റെ കൈവരി വാഹനം ഇടിച്ച് തകര്‍ന്നിട്ട് നാളുകളായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
പാലായില്‍ നിന്ന് കൂത്താട്ടുകുളത്തേക്കുള്ള പ്രധാന റോഡായതിനാല്‍ ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നു. അപകടത്തില്‍ കൈവരിക്കൊപ്പം പാലത്തിന്റെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് തോട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തകര്‍ന്ന ഭാഗത്തിന് സമീപം വരെ വെള്ളമെത്തുന്നതായും സംരക്ഷണഭിത്തിയിലെ കല്ലുകള്‍ ഓരോന്നായി തോട്ടിലേക്ക് ഇടിഞ്ഞുവീഴുന്നതായും നാട്ടുകാര്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ പാലത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കൂടാതെ രാമപുരം നാലമ്പലങ്ങളിലേക്കും രാമപുരം പള്ളിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിലേക്കും എത്തുന്ന തീര്‍ഥാടകരും ഈ വഴിയാണ് പ്രധാനമായും സഞ്ചരിക്കുന്നത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളും ഈ റോഡിനെ ആശ്രയിക്കുന്നു. അപകടസാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ പുതുവേലി പാലത്തിന്റെ തകര്‍ന്ന കൈവരി അടിയന്തരമായി പുനസ്ഥാപിക്കുകയും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.