ന്യൂഡൽഹി: ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ സമാപനം ഡൽഹിയിലെന്ന് റിപ്പോർട്ട്. ചടങ്ങിന്റെ ഭാഗമായി നവംബർ 29-ന് ഡൽഹിയിൽ വൻ പൊതുസമ്മേളനം സംഘടിപ്പിക്കും. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
ഗണവേഷം (ആർഎസ്എസ് യൂണിഫോം) ധരിച്ച ഒരു ലക്ഷം സ്വയംസേവകരെയും വിവിധ മേഖലകളിൽ നിന്നുള്ള 50,000 വിശിഷ്ടാതിഥികളെയും ചടങ്ങിൽ പങ്കെടുപ്പിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ വേദി ഉടൻ തീരുമാനിക്കും.
ശതാബ്ദി വർഷത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ വർഷം മുഴുവൻ നടന്നുവന്ന സ്വയംസേവകരുടെ 'ഏകത്രീകരണം' പരിപാടികളുടെ പൂർത്തീകരണമായിരിക്കും ഈ സമ്മേളനം. ആർഎസ്എസിന്റെ നൂറുവർഷത്തെ യാത്രയെക്കുറിച്ചും നിലവിലെ ദേശീയ വിഷയങ്ങളെക്കുറിച്ചും മോഹൻ ഭഗവത് സംസാരിക്കും.
വിവാദ വിഷയങ്ങളിൽ ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കുന്നതിനായി പൊതു പ്രഭാഷണങ്ങൾ നടത്തുന്ന ആദ്യ സർസംഘചാലകാണ് മോഹൻ ഭഗവത്. 2018-ൽ ആരംഭിച്ച ഇത്തരം പ്രഭാഷണങ്ങളുടെ ഭാഗമായി, 2025 ഓഗസ്റ്റ് 26 മുതൽ 28 വരെ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ആർഎസ്എസിന്റെ 100-ാം വർഷത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയും അദ്ദേഹം നടത്തിയിരുന്നു.