കല്ലേറ്റുംകര: കല്ലേറ്റുംകര - പാറേക്കാട്ടുകര പൊതുമരാമത്ത് റോഡില്‍ കല്ലേറ്റുംകര പള്ളിനടയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞ മാസം മുതല്‍ സ്ഥലം ഏറ്റെടുക്കലും മരങ്ങള്‍ മുറിച്ചുനീക്കലും ആരംഭിച്ചിരുന്നു. മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിക്കുന്നതിനായി യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴിയെടുക്കുന്ന ജോലിയാണ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഫെബ്രുവരിയില്‍ ചേര്‍ന്നിരുന്നു.
റെയില്‍വേ പാളത്തിനു കുറുകേ പാലം വേണമെന്ന പരിസരവാസികളുടെ പതിറ്റാണ്ടുകളായ ആവശ്യമാണ് യഥാര്‍ഥ്യമാകുന്നത്. റെയില്‍വേ നേരിട്ടുനടത്തുന്ന മേര്പ്പാല നിര്‍മാണത്തിന്റെ ചുമതല കേരള റെയില്‍ ഡെവലപ്മെന്റ്് കോര്‍പറേഷനാണ്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി. നിലവില്‍ ഗേറ്റുവഴി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും വൈകാതെ ഗേറ്റ് പൂര്‍ണമായി അടച്ച് ബദല്‍ ഗതാഗതസംവിധാനം ഏര്‍പ്പെടുത്തും.
പാലം നിര്‍മാണത്തിനായി റോഡിന്റെ ഇരുവശങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി 3.12 കോടി രൂപ നല്‍കിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മേല്‍പാലം നിര്‍മാണം ആരംഭിക്കുന്ന മുറയ്ക്ക് നിലവിലെ ഗേറ്റ് അടച്ചിടും. ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങള്‍ കൊടകര-കൊപ്രക്കളം വഴിയും വല്ലക്കുന്ന് മുരിയാട് വഴിയും വിടും. മറ്റു വാഹനങ്ങള്‍ കല്ലേറ്റുംകര ബൈപാസ് വഴി തിരിച്ചുവിടും. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.