തിരുവനന്തപുരം: സിഎംആർഎൽ ഡയറി വിവാദത്തിൽ വി.മുരളീധരന് പൂർണ പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ. എക്സാലോജിക് ഇടപാടിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുരളീധരനെ ലക്ഷ്യമിടുന്നതെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പമാണെന്നും രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.
മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ബിജെപിക്കുള്ളിൽ കടുത്ത അമർഷം പുകയുന്നതിനിടയിലാണ് സംസ്ഥാന അധ്യക്ഷന്റെ ഈ ഇടപെടൽ. പാർട്ടിക്കാരുടെ പേരുണ്ടെങ്കിൽ എഫ്ഐആർ ഇട്ട് അന്വേഷിക്കട്ടെയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മുരളീധരനെ പ്രതിരോധിച്ചുകൊണ്ട് നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തിയിരിക്കുന്നത്. എക്സലോജിക് കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശൻ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.