ബോളിവുഡ് സൂപ്പർതാരങ്ങളായ ആമിർ ഖാനും സണ്ണി ഡിയോളും വീണ്ടും ഒന്നിക്കുന്നു, കാൽ നൂറ്റാണ്ടിനു ശേഷം! 2001-ൽ ബോക്സ്ഓഫീസിൽ തീപാറുന്ന പോരാട്ടം നടത്തിയ ആമിറും സണ്ണി ഡിയോളും 25 വർഷത്തിനുശേഷം ബട്വാര 1947 എന്ന ചിത്രത്തിനായാണ് ഒന്നിച്ചത്. ബി ടൗണിലെ പ്രമുഖ സംവിധായകൻ രാജ്കുമാർ സന്തോഷി ഒരുക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുമ്പോൾ ആമിർ ഖാൻ ചിത്രത്തിന്റെ നിർമതാവായി മാറുന്നു.
2001 ജൂൺ 15-നായിരുന്നു ഇന്ത്യൻ ചലച്ചിത്രലോകം കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് യുദ്ധങ്ങളിലൊന്നു നടന്നത്. ആമിർ ഖാന്റെ ഐക്കണിക് ചിത്രമായ ലഗാനും സണ്ണി ഡിയോളിന്റെ മെഗാ ഹിറ്റ് ചിത്രം ഗദർ: ഏക് പ്രേം കഥയും ഒരേ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ റിക്കാർഡുകൾ സൃഷ്ടിക്കുകയും ബി ടൗണിലെതന്നെ നാഴികക്കല്ലുകളായി മാറുകയും ചെയ്തു.
ലഗാനു ശേഷം നിർമാണരംഗത്തു വീണ്ടും സജീവമാകുന്ന ആമിർ ഖാൻ, രാജ്കുമാർ സന്തോഷിക്കൊപ്പം മൂന്നാമതും കൈകോർക്കുന്ന ചിത്രം കൂടിയാണിത്. മുൻപ് സന്തോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്ദാസ് അപ്നാ അപ്നാ പോലുള്ള ചിത്രങ്ങൾ വൻ ജനപ്രീതി നേടിയിരുന്നു. അതേസമയം സണ്ണി ഡിയോളും രാജ്കുമാർ സന്തോഷിയും ഘായൽ, ദാമിനി, ഘട്ടക് എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇന്ത്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പീരിയഡ് ഡ്രാമ നാളെ തിയറ്ററുകളിലെത്തും. വർഷങ്ങൾക്കു ശേഷം രണ്ടു പ്രഗത്ഭ താരങ്ങളും ഹിറ്റ് സംവിധായകനും ഒന്നിക്കുമ്പോൾ ബോക്സ്ഓഫീസിൽ വലിയ ഹിറ്റാണു പ്രതീക്ഷിക്കുന്നത്.