ലക്നോ: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ വച്ച് മരണപ്പെട്ട ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹം ആന്തരികാവയവങ്ങൾ ഒന്നുമില്ലാത്ത നിലയിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷിന്റെ മരണത്തിൽ വൻ ദുരൂഹത ആരോപിച്ച് കുടുംബവും ഫെഡറേഷൻ ഓഫ് സീഫെറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും വെനസ്വേലൻ അധികൃതരിൽ നിന്ന് മറുപടി തേടണമെന്നും ആവശ്യപ്പെട്ട് ഇവർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
കഴിഞ്ഞ മേയ് മാസത്തിലാണ് രാകേഷ് ചൗഹാൻ വെനസ്വേലയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി കുടുംബത്തിന് വിവരം ലഭിക്കുന്നത്. തുടർന്ന് വെനസ്വേലയിൽ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചത്. എന്നാൽ ഇന്ത്യയിലെത്തിച്ച മൃതദേഹത്തിൽ സംശയം തോന്നിയ ബന്ധുക്കൾ ഇവിടെ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രാകേഷിന്റെ ശരീരത്തിൽ പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ ഒന്നുമില്ലായിരുന്നെന്ന് കണ്ടെത്തി. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, കുടൽ എന്നിവയെല്ലാം മാറ്റിയ നിലയിലായിരുന്നു. അവയവങ്ങൾ മാറ്റിയ ശേഷം ശരീരം തുന്നിക്കെട്ടിയ നിലയിലായിരുന്നു. ശരീരത്തിൽ ആകെ 22 ഓളം പാടുകളും തുന്നലുകളും കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാഘാതം മൂലം മരിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് എന്തിനാണ് എല്ലാ ആന്തരികാവയവങ്ങളും നീക്കം ചെയ്തത് എന്നതിനെക്കുറിച്ച് വെനസ്വേലൻ അധികൃതർ ഒരു വിശദീകരണവും നൽകിയിട്ടില്ല. അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയ്ക്ക് ഇതിൽ പങ്കുണ്ടോ എന്ന വലിയ സംശയമാണ് കുടുംബം പങ്കുവെക്കുന്നത്.
ഇന്ത്യൻ നാവികന്റെ മൃതദേഹത്തോട് കാട്ടിയ ഈ ക്രൂരതയ്ക്കും മരണത്തിലെ നിഗൂഢതയ്ക്കും എതിരെ വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെടണമെന്നാണ് നാവിക സംഘടനകളുടെ ആവശ്യം. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം വെനസ്വേലൻ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായാണ് സൂചന.