മുംബൈ: "ഞാൻ ഓടിയപ്പോൾ എന്റെ കുട്ടികൾക്കുള്ള പുസ്തകങ്ങളും അവരുടെ ഭാവിയും മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്... മറ്റൊന്നും ഓർത്തില്ല... ഞാൻ ഓടി...'' മാരത്തൺ ഓട്ടത്തിൽ ഒന്നാം സമ്മാനം നേടിയ രമാബായി രൺവീർ പറഞ്ഞു. കണ്ണുകൾ നനഞ്ഞിരുന്നെങ്കിലും, അവരുടെ മുഖത്തു വിജയത്തിന്റെ തിളക്കമുണ്ടായിരുന്നു.
അതേ, 47-കാരിയായ ആ അമ്മയുടെ ഓട്ടം കാഴ്ചക്കാരുടെ ഹൃദയത്തിൽനിന്നു മായില്ല, ഒരിക്കലും! തന്റെ നാട്ടിൽ നടന്ന മാരത്തണിൽ പങ്കെടുക്കുന്പോൾ ആ അമ്മയുടെ ലക്ഷ്യം ഒന്നാം സ്ഥാനത്തിനു ലഭിക്കുന്ന സമ്മാനത്തുകയായ 3,000 രൂപ മാത്രമാണ്. ഒന്നാം സമ്മാനത്തിൽ കുറഞ്ഞതൊന്നും അവർക്കു ലഭിച്ചിട്ടും കാര്യമില്ല. കാരണം, സമ്മാനത്തുക നേടിയിട്ടുവേണം അവരുടെ മക്കൾക്കു പുസ്തകങ്ങൾ വാങ്ങാൻ.
മഹാരാഷ്ട്ര ബീഡ് ജില്ലയിൽനിന്നുള്ള രമാബായി രൺവീറിന് അമൃത് ദൗഡ് മാരത്തണിൽ കിലോമീറ്ററുകൾ ഓടാൻ പ്രത്യേക പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. ട്രാക്ക് സ്യൂട്ട് ഉണ്ടായിരുന്നില്ല. എന്തിന് നല്ലൊരു പാദരക്ഷ പോലും ഉണ്ടായിരുന്നില്ല. മാരത്തൺ റേസിന്റെ ബാലപാഠങ്ങൾ പോലും രമാബായിക്ക് അറിയാമായിരുന്നില്ല. സാരിയുടുത്താണ് ആ അമ്മ ഓടാനെത്തിയത്. സാധാരണ ചെരിപ്പായിരുന്നു ധരിച്ചത്. ഓട്ടത്തിനിടയിൽ പൊട്ടിപ്പോയ ചെരിപ്പ്, കൈയിലെടുത്തുകൊണ്ട് അവർ ഓടി. പേരും പെരുമയുമുള്ള താരങ്ങളെ പിന്നിലാക്കി. പൊള്ളിക്കിടക്കുന്ന ടാർ റോഡിലൂടെ... നഗ്നപാദയായി... ആത്മവിശ്വാസത്തോട. കാണികൾ അവർക്കായി കൈയടിച്ചു. രമാബായിയുടെ മാരത്തൺ വീഡിയോ സമൂഹമാധ്യമങ്ങൾ നെഞ്ചോടു ചേർക്കുകയാണ് ഇപ്പോൾ.
രമാബായി നാട്ടുന്പുറത്തുകാരിയാണ്. ഭർത്താവിന്റെ മരണശേഷം കുടുംബം പുലർത്താനും രണ്ടു പെൺമക്കളെ പഠിപ്പിക്കാനുംവേണ്ടി തൊഴിലെടുക്കുന്ന സാധാരണ സ്ത്രീ. അംബാജോഗ എന്ന പട്ടണത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പാചകജോലിയാണ് അവർ ചെയ്യുന്നത്. അവിടെത്തന്നെയാണ് അവരുടെ മൂത്തമകൾ പൂജ പഠിക്കുന്നത്. പോലീസ് ഓഫീസർ ആകുകയാണ് പൂജയുടെ ലക്ഷ്യം. ഇളയ മകൾ ബാങ്ക് മേഖലയിലെ ജോലിക്കായി പഠിക്കുന്നു.
രമാബായിയെ പ്രശംസിച്ചുകൊണ്ട് എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ രംഗത്തെത്തി. തന്റെ മക്കളുടെ ഭാവിക്കായി ഒരമ്മയ്ക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിന്റെ പ്രചോദനാത്മകമായ മാതൃകയാണ് രമാബായി. ഈ അമ്മയുടെ നിശ്ചയദാർഢ്യത്തിനും പോരാട്ടത്തിനും ഹൃദയം നിറഞ്ഞ പ്രണാമം- രോഹിത് പറഞ്ഞു. രമാബായിക്ക് ആശംസകളറിയിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
രമാബായിക്ക് ഈ മാരത്തൺ കേവലമൊരു ഓട്ടമത്സരം മാത്രമായിരുന്നില്ല; വർഷങ്ങളുടെ കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും ഇടയിൽ വളർത്തി വലുതാക്കിയ തന്റെ പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകാനുള്ള മറ്റൊരു അവസരം കൂടിയായിരുന്നു..!